അടൂരില്‍ ഇരട്ടപ്പാലം ഗതാഗതത്തിനായി തുറന്നു

അടൂര്‍ ഇരട്ടപ്പാലം നാടിനു സമര്‍പ്പിച്ചു. മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ശബരിമല തീര്‍ഥാടന സമയത്ത് തന്നെ അടൂര്‍ ഇരട്ടപ്പാലം യാഥാര്‍ഥ്യമായത് ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങളിലൊന്നാണ്. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വലിയ ഒരുക്കങ്ങള്‍ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ നേരത്തെ ആരംഭിച്ചിരുന്നു. സംസ്ഥാനത്തെ പ്രധാനപ്പെട്ട 19 റോഡുകളുടെ നിലവിലെ സ്ഥിതി വിലയിരുത്തുകയും നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടവയുടെ കണക്കെടുത്ത് സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. മാത്രമല്ല, റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പൂര്‍ണമാക്കിയെന്ന് നേരിട്ട് പരിശോധിച്ച് ഉറപ്പ് വരുത്തുകയും ചെയ്തു. ശബരിമല സീസണോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയില്‍ കെഎസ്ടിപി ഉദ്യോഗസ്ഥര്‍ ക്യാമ്പ് ചെയ്തിരുന്നു. ഇത്തരം കാര്യങ്ങളോട് പൂര്‍ണമായും സഹകരിച്ച ജില്ലാ കളക്ടര്‍ മുതല്‍ കരാര്‍ തൊഴിലാളികള്‍ വരെയുള്ളവര്‍ക്ക് അഭിനന്ദനം അര്‍പ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ, വിദ്യാഭ്യാസ, കായിക രംഗത്തെ പശ്ചാത്തലസൗകര്യം ഉറപ്പാക്കി സമഗ്ര വികസനം സാധ്യമാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഇരട്ടപ്പാലം സാധ്യമായതോടെ അടൂരിന്റെ യാത്രാ ക്ലേശത്തിന് പരിഹാരമാകും. നിരവധി പദ്ധതികളാണ് ഈ സര്‍ക്കാര്‍ അടൂര്‍ മണ്ഡലത്തിനായി നല്‍കിയിരിക്കുന്നത്.
2018 ല്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കാണ് അടൂരിലെ ഇരട്ടപ്പാലത്തിനായി തുക അനുവദിച്ചത്. മുന്‍ മന്ത്രി ജി.സുധാകരന് തറക്കല്ലിടുകയും ചെയ്തു. കോവിഡിനെ തുടര്‍ന്ന് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അല്പം വൈകിയെങ്കിലും വേഗത്തില്‍ പാലത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. അടൂരില്‍ ഓവര്‍ബ്രിഡ്ജിന്റെ നിര്‍മാണപ്രവര്‍ത്തനം പ്രാരംഭഘട്ടത്തിലാണ്. കടമ്പനാട് മിനിസ്റ്റേഡിയത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും. അടൂര്‍ ജനറല്‍ ആശുപത്രിയിലെ കെട്ടിടസമുച്ചയത്തിന്റെ നിര്‍മാണത്തിനായി 14 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു.
കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ ചുമതലയില്‍ കിഫ്ബിയില്‍ നിന്നും 10.09 കോടി രൂപാ വിനിയോഗിച്ചാണ് അടൂര്‍ ഇരട്ടപ്പാലത്തിന്റെ നിര്‍മാണവും അനുബന്ധ റോഡിന്റെ പുനരുദ്ധാരണവും പൂര്‍ത്തീകരിച്ചത്.