ഡ്രോണ്‍ ഉപയോഗിച്ച് സൂക്ഷ്മ മൂലകം തളിക്കലിന് അഞ്ചലില്‍ തുടക്കമായി
 
                                                
കൃഷിഭൂമിയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള സമ്പൂര്‍ണ സൂക്ഷ്മ മൂലകം തളിക്കലിന് അഞ്ചലില്‍ തുടക്കമായി. കൃഷി പരിപോഷിപ്പിക്കുന്നതിനായി കാര്‍ഷികവകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണിത്. സൂക്ഷ്മ മൂലകം തളിക്കലിന് പുറമെ കീടനിയന്ത്രണം, വളപ്രയോഗം എന്നിവയ്ക്കും ഡ്രോണുകള്‍ ഫലപ്രദമായി ഉപയോഗിക്കും.
                     പദ്ധതിയുടെ പ്രചരണാര്‍ഥം അഞ്ചല്‍ ഗ്രാമപഞ്ചായത്തിലെ പനയഞ്ചേരി പാടശേഖരത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് സൂക്ഷ്മ മൂലകം തളിച്ചു. ഉദ്ഘാടനം അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാരാജേന്ദ്രന്‍ നിര്‍വഹിച്ചു. ഒരു ഹെക്ടര്‍ സ്ഥലത്ത് വളപ്രയോഗം നടത്തുന്നതിനും കീടനാശിനി പ്രയോഗിക്കുന്നതിനും 10 മിനിറ്റാണ് ആവശ്യം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന സ്മാം (സബ് മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍) പദ്ധതിയില്‍ ഉള്‍പ്പെടുത്തി കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കും സബ്‌സിഡി നിരക്കില്‍ ഡ്രോണുകള്‍ ലഭ്യമാക്കുമെന്നും പ്രസിഡന്റ് പറഞ്ഞു










