റെഡിമെയ്ഡ് വസ്ത്ര നിര്‍മ്മാണ പരിശീലനവുമായി മുളിയാര്‍ ഗ്രാമപഞ്ചായത്ത്

കാസർകോട്: മുളിയാര്‍ ഗ്രാമപഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിതാ ഗ്രൂപ്പുകള്‍ക്കായി നടപ്പിലാക്കുന്ന റെഡിമെയ്ഡ് വസ്ത്ര നിര്‍മ്മാണ പരിശീലനത്തിന് തുടക്കമായി. പഞ്ചായത്ത് ഭരണസമിതിയുടെ വനിതാ സംരംഭം പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള വികസന ഫണ്ട് ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ അവസ്ഥ മെച്ചപ്പെടുത്തുക, മുളിയാര്‍ ഗ്രാമപഞ്ചായത്തിന്റെ ഉത്പന്ന നാമത്തില്‍ വസ്ത്രങ്ങള്‍ വിപണിയില്‍ എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
റെഡിമെയ്ഡ് വസ്ത്ര നിര്‍മാണവും വിപണനവും വലിയ വ്യവസായമായി മാറുന്ന ഘട്ടത്തിലാണ് മുളിയാര്‍ ഗ്രാമപഞ്ചായത്തിന്റെ പുതിയ പദ്ധതി. പുതുതലമുറയുടെ സങ്കല്‍പ്പങ്ങള്‍ക്കനുസൃതമായ വസ്ത്ര നിര്‍മാണവും വിപണനവും തൊഴിലാക്കി റെഡിമെയ്ഡ് വസ്ത്ര നിര്‍മ്മാണ പരിശീലനത്തിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. പരിശീലനം ലഭിച്ച ആളുകളെ ഉള്‍പ്പെടുത്തി ഭാവിയില്‍ വിപുലമായ റെഡിമെയ്ഡ് വസ്ത്ര നിര്‍മ്മാണ യൂണിറ്റും ആരംഭിക്കും.
കുടുംബശ്രീ ജില്ലാ മിഷനാണ് പരിശീലനം നല്‍കുന്നത്. കുടുംബശ്രീയില്‍ അംഗത്വമുള്ള രണ്ടു മുതല്‍ അഞ്ചുപേര്‍ അടങ്ങുന്ന 15 വനിതാ ഗ്രൂപ്പുകള്‍ക്കാണ് പരിശീലനം. 18 മുതല്‍ 59 വയസ്സ് വരെയാണ് പ്രായപരിധി. അപേക്ഷകരില്‍ നിന്നും ചെറുകിട വ്യവസായ വര്‍ക്കിംഗ് ഗ്രൂപ്പ് പരിശോധന നടത്തി ഗ്രാമസഭ വഴിയാണ് അര്‍ഹതയുള്ള ഗ്രൂപ്പുകളെ തിരഞ്ഞെടുത്തത്. ഏഴര ലക്ഷം രൂപയാണ് പദ്ധതിയുടെ അടങ്കല്‍ തുക. തിരഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പുകള്‍ക്ക് മുളിയാര്‍ ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ സി.ഡി.എസ്സിന്റെയും നേതൃത്വത്തില്‍ ബോധവത്കരണ ശില്പശാല നടത്തി. കുടുംബശ്രീ ജില്ലാ മിഷന്‍ എ.ഡി.എം.സി സി.എച്ച്.ഇക്ബാല്‍ സംരംഭകത്വത്തെക്കുറിച്ച് ക്ലാസ്സെടുത്തു.
ഡിസംബര്‍ ആറ് മുതല്‍ ആരംഭിച്ച പരിശീലനം രണ്ടുമാസം നിലനില്‍ക്കും. പരമ്പരാഗത രീതിയില്‍ നിന്നും വ്യത്യസ്തമായി, ആധുനിക വസ്ത്ര സങ്കല്‍പ്പങ്ങള്‍ക്ക് അനുയോജ്യമായ തരത്തിലാണ് ക്ലാസുകള്‍. പര്‍ദ്ദ, ടോപ്പുകള്‍, കുട്ടികളുടെ പാര്‍ട്ടി വെയറുകള്‍, ഇന്നര്‍വെയറുകള്‍ എന്നിവയാണ് പ്രധാനമായും നിര്‍മ്മിക്കുന്നത്. കുടുംബശ്രീ ജില്ലാമിഷന്‍ മുഖേന പൂര്‍ണ്ണമായും സൗജന്യമായി നല്‍കുന്ന ക്ലാസില്‍, യാത്രാബത്ത, ഉച്ചഭക്ഷണം എന്നിവയും നല്‍കുന്നുണ്ട്. പരിശീലനം പൂര്‍ത്തിയാക്കി സംരംഭകത്വം ആരംഭിക്കുന്ന മുറയ്ക്ക് സബ്സിഡി ധനസഹായം ഗ്രൂപ്പുകള്‍ക്ക് നല്‍കും.