തളിപ്പറമ്പിൽ സ്ത്രീകൾക്കായി സുരക്ഷിത കേന്ദ്രം

post

ഷീ ലോഡ്ജിന് തറക്കല്ലിട്ടു

കണ്ണൂർ: തളിപ്പറമ്പിലെത്തുന്ന സ്ത്രീകൾക്കായി ബ്ലോക്ക് പഞ്ചായത്ത് നിർമിക്കുന്ന സുരക്ഷിത കേന്ദ്രം ഷീ ലോഡ്ജിന് എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ തറക്കല്ലിട്ടു. മലയോര മേഖലകളിൽ നിന്നടക്കം തളിപ്പറമ്പിലെത്തുന്ന വനിത ജീവനക്കാർക്കും ഉദ്യോഗാർഥികൾക്കുമെല്ലാം ഈ കേന്ദ്രം തുണയാകും. വാഹനസൗകര്യം ഇല്ലാത്ത സാഹചര്യങ്ങളിലും ദൂരനാടുകളിൽ നിന്നും ഔദ്യോഗിക ആവശ്യങ്ങൾക്കും മറ്റും എത്തുന്ന വനിതകൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നര കോടി രൂപ ചെലവിലാണ് നിർമാണം.

വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് വിഹിതം 53 ലക്ഷം രൂപയും ഒമ്പത് ഗ്രാമപഞ്ചായത്തുകളുടെ വിഹിതമായി മൂന്ന് ലക്ഷം രൂപ വീതവും ജില്ലാപഞ്ചായത്തിന്റെ 25 ലക്ഷം രൂപയും ഉൾപ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കിയത്. കരിമ്പത്ത് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന കോമ്പൗണ്ടിലാണ് ലോഡ്ജ് നിർമിക്കുക. 3200 ചതുരശ്ര അടിയിൽ നിർമിക്കുന്ന കെട്ടിടത്തിൽ ശുചിമുറി അടക്കമുള്ള മുറികൾ, ഡോർമെറ്ററി, അടുക്കള, റിസപ്ഷൻ, വായനമുറി, ഡൈനിംഗ് സൗകര്യങ്ങൾ എന്നിവ ഒരുക്കും. ഒന്നര വർഷം കൊണ്ട് ഷീ ലോഡ്ജിന്റെ പണി പൂർത്തിയാക്കാനാണ് ലക്ഷ്യം. കുടുംബശ്രീക്കായിരിക്കും നടത്തിപ്പ് ചുമതല.

സർക്കാരിന്റെ 2022-23 വാർഷിക ബജറ്റിൽ ഉൾപ്പെടുത്തി ഗ്രാമ വികസന വകുപ്പ് മുഖേന നിർമിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് അനക്‌സ് കെട്ടിടത്തിന്റെ ശിലാസ്ഥാപനവും എംഎൽഎ നിർവഹിച്ചു. 60 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമിക്കുന്നത്. 110 ചതുരശ്ര മീറ്റർ വീതമുള്ള രണ്ട് നിലകളായാണ് ഓഫീസ് കെട്ടിടം പണിയുന്നത്.