കടിക്കാട് നവീകരിച്ച സബ് സെന്റർ ഉദ്ഘാടനത്തിനൊരുങ്ങുന്നു

post

പുന്നയൂർക്കുളത്തെ പ്രദേശവാസികളുടെ ആരോഗ്യ സംരക്ഷണത്തിനുള്ള കടിക്കാട് കുടുംബാരോഗ്യ ഉപകേന്ദ്രത്തിന്റെ മുഖഛായ മാറുന്നു. ആരോഗ്യ സംരക്ഷണത്തോടൊപ്പം പഞ്ചായത്തിനെ വയോജന സൗഹ്യദമാക്കുക എന്ന ലക്ഷ്യവും ഉൾപ്പെടുത്തി നവീകരിച്ച ഉപകേന്ദ്രത്തിൽ പകൽ വീടും ഒരുക്കിയിട്ടുണ്ട്.

കുടുംബാരോഗ്യ ഉപകേന്ദ്രത്തിന്റെ നവീകരണത്തിന് 7 ലക്ഷം രൂപയും പകൽ വീടിന് 22.40 ലക്ഷം രൂപയുമാണ് വിനിയോഗിച്ചത്. കെട്ടിടത്തോട് ചേർന്ന് 800 സ്ക്വയർ ഫീറ്റിലാണ് പകൽ വീട് നിർമ്മിച്ചിട്ടുള്ളത്. പകൽവീടിനു മുകളിൽ കുടുംബാരോഗ്യ ഉപകേന്ദ്രത്തിലെ നഴ്സിന് താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്. വയോജനങ്ങളുടെ ജീവിതശൈലീരോഗങ്ങൾക്ക് പരിഹാരം കാണാനും മാനസികോല്ലാസമേകാനും പദ്ധതി വഴി കഴിയും.

40 വർഷത്തിലധികം പഴക്കമുള്ള കുടുംബാരോഗ്യ ഉപകേന്ദ്രം വിപുല സൗകര്യങ്ങളോടെയാണ് നവീകരിച്ചിട്ടുള്ളത്. കാത്തിരിപ്പുകേന്ദ്രം, ഹെൽത്ത് ആൻഡ്‌ വെൽനെസ് ക്ലിനിക്, ഓഫീസ്‌മുറി, പ്രതിരോധ കുത്തിവയ്‌പ്പ് മുറി, ഐയുസിഡി മുറി, മരുന്നുകൾ സൂക്ഷിക്കുന്നതിനുള്ള സൗകര്യം, രോഗികൾക്കുള്ള ശുചിമുറി എന്നീ സൗകര്യങ്ങൾ ഇവിടെയുണ്ട്.

പുതിയതായി മുലയൂട്ടൽ മുറി നിർമ്മിച്ചിട്ടുണ്ട്. നിലവിലുള്ള ചുറ്റുമതിൽ ഉപയോഗശൂന്യമായതിനാൽ അത് പൊളിച്ച് പുതിയത് നിർമ്മിച്ചിട്ടുണ്ട്. നവീകരിച്ച കുടുംബാരോഗ്യ ഉപകേന്ദ്രവും പകൽ വീടും ജനുവരിയിൽ നാടിന് സമർപ്പിക്കും.