വിദ്യാര്‍ഥികള്‍ക്ക് ലക്ഷ്യബോധം പകര്‍ന്ന് കരിയര്‍ ഗൈഡന്‍സ് സെമിനാര്‍

post

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കാസര്‍കോട് ഗവ ഐ.ടി.ഐയില്‍ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ സംഘടിപ്പിച്ചു

കാസർകോട്: തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ശേഷമുള്ള ഭാവി ജീവിതം എങ്ങനെ മികവുറ്റതാക്കാം എന്ന പാഠങ്ങള്‍ നല്‍കി കാസര്‍കോട് ഗവ.ഐ.ടി.ഐയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍. ഡെപ്യൂട്ടി കളക്ടര്‍ എസ്.ശശിധരന്‍ പിള്ള ഉദ്ഘാടനം ചെയ്തു. ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള അവസരം ഇന്ന് എല്ലാവര്‍ക്കുമുണ്ട്. പക്ഷെ ലക്ഷ്യത്തിലേക്കെത്തണമെങ്കില്‍ അധ്വാനവും ആത്മാര്‍ത്ഥതയും കൈമുതലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍കോട് ഗവ.ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ ജി.മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്റ് കൗണ്‍സിലിംഗ് സെല്‍ സംസ്ഥാന റിസോഴ്സ് പേഴ്സണ്‍ മെയ്സണ്‍ കളരിക്കല്‍ രണ്ട് മണിക്കൂര്‍ നീണ്ട സെമിനാറിന് നേതൃത്വം നല്‍കി. ഭാവി ജീവിതം സുരക്ഷിതമാക്കാന്‍ ആസൂത്രണമുണ്ടാക്കലാണ് പ്രധാന ഘടകം. ആസൂത്രമില്ലാത്ത ജീവിതത്തില്‍ പരാജയത്തിന് സാധ്യത കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. അഭിരുചിയും മൂല്യങ്ങളും താല്പര്യങ്ങളും ആത്മാര്‍ത്ഥതയും ഉള്‍പ്പെടെയുള്ളവയാണ് കരിയര്‍ തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം. കഴിവുകളും കുറവുകളുമുള്ള ഓരോ മനുഷ്യരും തങ്ങളുടെ കഴിവിനെ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മെയ്സണ്‍ കളരിക്കല്‍ വിദ്യാര്‍ഥികളെ ബോധ്യപ്പെടുത്തി.