പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്കായി തടുപ്പ ട്രൈബല്‍ പ്ലസ്

post

കാസർകോട്: പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് 200 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള ട്രൈബല്‍ പ്ലസ് കാമ്പയിനുമായി പുല്ലൂര്‍ പെരിയ പഞ്ചായത്ത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പട്ടിക വര്‍ഗക്കാരായ കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ ദിനങ്ങള്‍ അധികം നല്‍കുന്ന പദ്ധതിയാണ് തടുപ്പ ട്രൈബല്‍ പ്ലസ്.

ഒരു വര്‍ഷം തൊഴിലുറപ്പ് പദ്ധതിയിലെ 100 ദിന തൊഴിലിന് പുറമെ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 100 ദിവസം തൊഴിലും അധികമായി ഇവര്‍ക്ക് ലഭിക്കും. കൂടാതെ മുഴുവന്‍ എസ് ടി കുടുംബങ്ങള്‍ക്കും തൊഴില്‍ കാര്‍ഡ് ഉറപ്പ് വരുത്തുകയും ഓരോ കുടുംബത്തിന്റെയും തൊഴില്‍ കാര്‍ഡില്‍ പരമാവധി കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തുകയും ചെയ്യും.

100ല്‍ അധികം തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിക്കുന്ന കുടുംബങ്ങള്‍ക്ക് തുടര്‍ വര്‍ഷങ്ങളിലെ പദ്ധതികളില്‍ മുന്‍ഗണനയും ലഭിക്കും. ഏഴ് ദിവസത്തിനുള്ളില്‍ പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട തൊഴിലാളികള്‍ക്ക് കൂലി നല്‍കും. കുടുംബശ്രീയുമായി ചേര്‍ന്നാണ് വേതനം നല്‍കാനുള്ള പദ്ധതി തയാറാക്കുന്നത്. എസ്.ടി വിഭാഗക്കാരുടെ ഭൂമിയിലുള്ള പ്രവൃത്തികള്‍, കോളനികളിലേക്കുള്ള റോഡുകള്‍, കോളനിയിലെ കിണറുകള്‍,

കുളങ്ങള്‍, തൊഴുത്തുകള്‍, ആട്ടിന്‍കൂടുകള്‍, എസ്.ടി വിഭാഗത്തിന്റെ ഉന്നമനത്തിന് ഉതകുന്ന മറ്റ് പ്രവൃത്തികള്‍ തുടങ്ങിയവയ്ക്ക് ട്രൈബല്‍ പ്ലസ് പദ്ധതിയില്‍ മുന്‍ഗണന നല്‍കും.

പട്ടിക വര്‍ഗ കുടുംബത്തില്‍ നിന്നും ഒന്നില്‍ കൂടുതല്‍ അംഗങ്ങള്‍ പണിക്കിറങ്ങാനുള്ള സാഹചര്യമുണ്ടാക്കാനും പദ്ധതിയെ കുറിച്ച് കൂടുതല്‍ അവബോധം വളര്‍ത്താനും കുടുംബ സന്ദര്‍ശനം, ബോധവല്‍ക്കരണം തുടങ്ങിയ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. തടുപ്പ ട്രൈബല്‍ പ്ലസ് ആരംഭിക്കുന്നതിനു മുന്നോടിയായി ഊരുകൂട്ടങ്ങളില്‍ ഊരുമൂപ്പന്‍, മേറ്റ്, സാമൂഹ്യപ്രവര്‍ത്തകന്‍, എഡിഎസ്, എസ്.ടി പ്രമോട്ടര്‍, പഞ്ചായത്ത് അംഗം, അസി.സെക്രട്ടറി, വി ഇ ഒ എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റി രൂപീകരിക്കും.

പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തില്‍ 16 പട്ടികവര്‍ഗ്ഗ ഊരു കൂട്ടങ്ങള്‍ ആണുള്ളത്. അതില്‍ 853 കുടുംബങ്ങളിലായി 3250 അംഗങ്ങളുണ്ട്. പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷനാണ് തടുപ്പ ട്രൈബല്‍ പ്ലസ് ക്യാമ്പയിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. വി ഇ ഒ ജിജേഷ്.വി.ശശീന്ദ്രനാണ് പ്രവര്‍ത്തനങ്ങളുടെ നിര്‍വഹണ ചുമതല.