ഉദ്ഘാടനത്തിനൊരുങ്ങി കാടുകുറ്റിയിലെ കുടുംബശ്രീ ആസ്ഥാന മന്ദിരം

post

തൃശൂര്‍ : മികച്ച സൗകര്യങ്ങളോടെ നിര്‍മ്മിച്ച കാടുകുറ്റി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ ആസ്ഥാന മന്ദിരം ഉദ്ഘാടനത്തിനൊരുങ്ങുന്നു. പഞ്ചായത്ത് കാന്റീനിന് മുകളിലായി 30 ലക്ഷം ചെലവഴിച്ചാണ് പുതിയ കുടുംബശ്രീ ആസ്ഥാന മന്ദിരം പണികഴിപ്പിച്ചിരിക്കുന്നത്. സി ഡി എസ് ചെയര്‍പേഴ്‌സണ്‍, മെമ്പര്‍ സെക്രട്ടറി, അക്കൗണ്ടന്റ് എന്നിവര്‍ക്ക് ക്യാബിനുകള്‍, മീറ്റിംഗ് ഹാള്‍, ഫീഡിങ് റൂം തുടങ്ങിയ സൗകര്യങ്ങള്‍ പുതിയ കെട്ടിടത്തിലുണ്ട്.

284 സംഘങ്ങളിലായി 4950 അംഗങ്ങള്‍ ഇവിടത്തെ കുടുംബശ്രീയിലുണ്ട്. 43 വയോജന അയല്‍ക്കൂട്ടങ്ങളിലായി 550 അംഗങ്ങളും 33 ബാല സഭകളിലായി 270 അംഗങ്ങളും ഉള്‍പ്പെടുന്നു. 37 പേരടങ്ങുന്ന രണ്ട് ഭിന്നശേഷി അയല്‍ക്കൂട്ടങ്ങളും കാടുകുറ്റി പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു. കുടുംബശ്രീയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് പുറമെ ജനസേവാ കേന്ദ്രമായി ആസ്ഥാന മന്ദിരം മാറുമെന്ന് കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് തോമസ് ഐ കണ്ണത് പറഞ്ഞു. പഞ്ചായത്തില്‍ വിവിധ ആവശ്യങ്ങളുമായി എത്തുന്നവര്‍ക്ക് സഹായമായി കുടുംബശ്രീ ഹെല്‍പ് ലൈന്‍ ഡെസ്‌ക് സംവിധാനമൊരുക്കും. കുടുംബശ്രീയുമായി ബന്ധപ്പെട്ട് വിവിധ പരിപാടികളുടെ പരിശീലന കേന്ദ്രവുമായി പുതിയ മന്ദിരം മാറുമെന്നു അദ്ദേഹം പറഞ്ഞു.