കീഴ്പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡയാലിസിസ് സെന്റര്‍ ഒരുങ്ങുന്നു

post

കണ്ണൂർ: ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെയും പരിസര പ്രദേശങ്ങളിലെയും ഡയാലിസിസ് രോഗികള്‍ക്ക് ആശ്വാസമേകാന്‍ കീഴ്പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡയാലിസിസ് കേന്ദ്രം ഒരുങ്ങുന്നു. ഇരിട്ടി ബ്ലോക്കിലെ ആറു പഞ്ചായത്തുകളിലുള്ള 90 ഓളം ഡയാലിസിസ് രോഗികള്‍ക്ക് ഇത് പ്രയോജനപ്പെടും.

ബ്ലോക്ക് പഞ്ചായത്ത് പദ്ധതിക്കായി 57,52800 രൂപ മാറ്റിവെച്ചിരുന്നു. ആരോഗ്യ കേന്ദ്രത്തിലെ ദന്തവിഭാഗത്തിനായി ഉപയോഗിച്ചിരുന്ന മുറിയാണ് 10 കിടക്കകളുള്ള ഡയാലിസിസ് കേന്ദ്രമാക്കി മാറ്റുന്നത്. ദന്തവിഭാഗം മുകളിലത്തെ നിലയിലേക്ക് മാറ്റി. ദിവസവും രണ്ട് ഷിഫ്റ്റുകളിലായി 20 രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാന്‍ സാധിക്കും. ഇതോടനുബന്ധിച്ച് വാട്ടര്‍ ടാങ്ക്, കുഴല്‍ക്കിണര്‍, ജനറേറ്റര്‍ എന്നിവ ബ്ലോക്ക് പഞ്ചായത്ത് സജ്ജമാക്കിയിട്ടുണ്ട്.

ഇരിട്ടി, പേരാവൂര്‍ എന്നിവിടങ്ങളില്‍ ഡയാലിസിസ് സൗകര്യം ഉണ്ടെങ്കിലും ഒരേ സമയം കൂടുതല്‍ പേര്‍ക്ക് ചികിത്സ നല്‍കാന്‍ പരിമിതികള്‍ ഉണ്ട്. കീഴ്പ്പള്ളി പ്രദേശത്ത് മാത്രം 14 ഡയാലിസിസ് രോഗികളാണ് ഉള്ളത്. അത്തരം സാഹചര്യങ്ങളില്‍ സ്വകാര്യ സ്ഥാപനങ്ങളെയോ കണ്ണൂര്‍, പരിയാരം എന്നിങ്ങനെ ദൂരെയുള്ള സര്‍ക്കാര്‍ ആശുപത്രികളയോ ആശ്രയിക്കേണ്ട സ്ഥിതിയാണ്. കീഴ്പ്പള്ളിയിലെ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഇതിന് പരിഹാരമാകും.

കേന്ദ്രത്തിന്റെ സിവില്‍ വര്‍ക്കാണ് നിലവില്‍ നടക്കുന്നത്. പ്രവൃത്തി പൂര്‍ത്തിയാക്കി അടുത്ത വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധന്‍ പറഞ്ഞു.