കുറ്റവാളികളെ തിരുത്താം കുറ്റകൃത്യങ്ങള്‍ കുറയ്ക്കാം

കാസർകോട്: ഗൗരവതരമല്ലാത്ത കുറ്റം ചെയ്തവരെ ജയില്‍ ശിക്ഷക്കു പകരം ഉപാധികളോടെ, പ്രൊബേഷന്‍ ഓഫീസറുടെ നിരീക്ഷണത്തില്‍ നാട്ടില്‍ തന്നെ നിര്‍ത്തിയുള്ള മേല്‍ നോട്ടമാണ് പ്രൊബേഷന്‍. ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെങ്കില്‍ കൂടി കേസിന്റെ സാഹചര്യം, കുറ്റകൃത്യത്തിന്റെ പ്രകൃതം, കുറ്റവാളിയുടെ സ്വഭാവം കുടുംബ പശ്ചാത്തലം, പൂര്‍വ്വകാല ചരിത്രം എന്നിവ കണക്കിലെടുത്ത്, ചില വ്യവസ്ഥകള്‍ക്ക് വിധേയമായി ഒരു കുറ്റവാളിയുടെ ജയില്‍ ശിക്ഷ മാറ്റിവയ്ക്കുന്ന സംവിധാനമാണ് പ്രൊബേഷന്‍.
കുറ്റവാളിയെ സ്വന്തം കുടുംബ ചുറ്റുപാടിലും സാമൂഹ്യ സാഹചര്യത്തിലും ജീവിക്കാന്‍ അവസരം നല്‍കി, മന:പരിവര്‍ത്തനവും സാമൂഹ്യപുനരധിവാസവും സാധ്യമാക്കി സമൂഹത്തിനുതകുന്ന ഒരു പൗരനാക്കി മാറ്റുന്ന സാമൂഹ്യചികിത്സാ സമ്പ്രദായമാണ്. ശിക്ഷ കുറ്റവാളിയുടെ മാനസികപരിവര്‍ത്തനത്തിന് സഹായമാവണമെന്ന ആധുനിക കാഴ്ചപ്പാടാണ് പ്രൊബേഷന്‍ സംവിധാനത്തിന്റെ അടിസ്ഥാനതത്വം.