സംസ്ഥാന ക്ഷേത്രകലാ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

post

ക്ഷേത്രകലാ അക്കാദമിയുടെ 2022ലെ സംസ്ഥാന ക്ഷേത്രകലാ പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. ദാരുശിൽപം, ലോഹശിൽപം, ശിലാ ശിൽപം, ചെങ്കൽ ശിൽപം, യക്ഷഗാനം, മോഹിനിയാട്ടം, ചുമർചിത്രം, തിടമ്പുനൃത്തം, കളമെഴുത്ത്, കഥകളി, കൃഷ്ണനാട്ടം, തീയാടിക്കൂത്ത്, തുള്ളൽ, ക്ഷേത്രവാദ്യം, സോപാന സംഗീതം, ചാക്യാർകൂത്ത്, കൂടിയാട്ടം, പാഠകം, നങ്ങ്യാർകൂത്ത്, ശാസ്ത്രീയ സംഗീതം, അക്ഷരശ്ലോകം, ക്ഷേത്ര വൈജ്ഞാനിക സാഹിത്യം, ബ്രാഹ്മണിപ്പാട്ട്, തിരുവലങ്കാരമാലകെട്ടൽ, തോൽപ്പാവക്കൂത്ത് എന്നീ വിഭാഗങ്ങളിലാണ് അവാർഡ് നൽകുക.

ക്ഷേത്ര വൈജ്ഞാനിക സാഹിത്യത്തിനുള്ള അവാർഡിന് അപേക്ഷിക്കുന്നവർ 2021, 2022 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളുടെ മൂന്നു കോപ്പികൾ (ഗ്രന്ഥകാരൻമാർക്കോ പ്രസാധകർക്കോ അയക്കാം) അപേക്ഷയോടൊപ്പം നൽകണം. തെരഞ്ഞെടുക്കപ്പെട്ട ക്ഷേത്രകലകളിലെ മികച്ച സംഭാവന പരിഗണിച്ച് ഗുരുപൂജ പുരസ്‌ക്കാരം, ക്ഷേത്ര കലകളിലെ സമഗ്രസംഭാവനക്കുള്ള ക്ഷേത്രകലശ്രീ പുരസ്‌കാരം, ക്ഷേതകലാ ഫെലോഷിപ്പ് എന്നിവയും നൽകും. വിവിധ ക്ഷേത്രകലകളിൽ പ്രാവീണ്യം തെളിയിച്ചുകൊണ്ടിരിക്കുന്ന 2023 ജനുവരി ഒന്നിന് 40 വയസ്സ് തികയാത്ത വിവിധ രംഗങ്ങളിലുള്ള യുവ ക്ഷേത്രകലാകാരൻമാരിൽ നിന്ന് യുവപ്രതിഭാ പുരസ്‌ക്കാരത്തിനും അപേക്ഷ ക്ഷണിച്ചു.

അപേക്ഷാ ഫോറം www.kshethrakalaacademy.org ൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ, രണ്ട്് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ, മറ്റ് ബന്ധപ്പെട്ട രേഖകൾ എന്നിവ സെക്രട്ടറി, ക്ഷേത്രകലാ അക്കാദമി, മാടായിക്കാവ്, പഴയങ്ങാടി പി ഒ, കണ്ണൂർ-670303 എന്ന വിലാസത്തിൽ ഡിസംബർ 31ന് വൈകീട്ട് നാല് മണിക്കകം ലഭിക്കണം. ഫോൺ: 0497 2986030, 9847913669.