ഹരിത വിദ്യാലയം റിയാലിറ്റി ഷോ ഡിസംബർ 16 മുതൽ

post

ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ മൂന്നാം സീസണിന്റെ മുദ്രാ ഗാനത്തിന്റെ പ്രകാശനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.

പൊതുവിദ്യാലയങ്ങളിലെ മികവുകൾ പങ്കുവെക്കുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോ ഡിസംബർ 16 മുതൽ കൈറ്റ് വികടേഴ്സ് ചാനലിൽ സംപ്രേഷണം ആരംഭിക്കും. റിയാലിറ്റി ഷോയുടെ ഭഗമായ 110 വിദ്യാലയങ്ങളിൽ അനുബന്ധ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി മന്ത്രി അറിയിച്ചു. ഒന്നര ലക്ഷത്തിലധികം വിദ്യാർഥികളാണ് റിയാലിറ്റി ഷോയുടെ ഭാഗമാകുന്നത്.

ഓൺലൈൻ വഴി അപേക്ഷിച്ച 753 സ്‌കൂളുകളിൽ നിന്ന് വിദഗ്ധ സമിതി തിരഞ്ഞെടുത്ത 110 സ്‌കൂളുകളാണ് പ്രാഥമിക റൗണ്ടിൽ പങ്കെടുക്കുക. ഒന്നാം സ്ഥാനത്തെത്തുന്ന സ്‌കൂളിന് 20 ലക്ഷം രൂപ സമ്മാനമായി ലഭിക്കും. രണ്ടാം സമ്മാനം 15 ലക്ഷം രൂപയും മൂന്നാം സമ്മാനം 10 ലക്ഷം രൂപയുമാണ്. കൂടാതെ അവസാന റൗണ്ടിലെത്തുന്ന ഏഴ് സ്‌കൂളുകൾക്ക് രണ്ട് ലക്ഷം രൂപയും ഒന്നാം റൗണ്ടിൽ പങ്കെടുക്കുന്ന 110 സ്‌കൂളുൾക്ക് 15,000 രൂപ വീതവും ലഭിക്കും. 2023 ഫെബ്രുവരിയിലാണ് ഹരിതവിദ്യാലയം ഗ്രാൻഡ് ഫിനാലെ നടക്കുക.