റോഡ് നിര്‍മ്മാണത്തില്‍ വൈറ്റ് ടോപ്പിങ് സംവിധാനം നടപ്പാക്കും: മന്ത്രി ജി സുധാകരന്‍

post

കണ്ണൂര്‍: റോഡ് നിര്‍മ്മാണത്തില്‍ പുതിയ സാങ്കേതിക വിദ്യയായ വൈറ്റ് ടോപ്പിങ് സംവിധാനം നടപ്പാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. മുപ്പതു വര്‍ഷം ഈടുനില്‍ക്കുന്ന റോഡുകള്‍ ആണ് പുതിയ സാങ്കേതിക വിദ്യയുടെ പ്രത്യേകത. ബാംഗ്ലൂര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ഇത് നടപ്പാക്കിയിട്ടുണ്ടെങ്കിലും കേരളത്തില്‍ ആദ്യമായാണ് ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള റോഡ് നിര്‍മ്മാണം ആരംഭിക്കാന്‍ പോകുന്നത്. ഈ സര്‍ക്കാര്‍ മൂവായിരത്തിലധികം റോഡുകളാണ് പുനര്‍ നിര്‍മ്മിച്ചത്. അതുവഴി തൊണ്ണൂറ്റിയെട്ട് ശതമാനത്തിലധികം പിഡബ്ല്യൂഡി റോഡുകള്‍ ഗതാഗത യോഗ്യമാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തലശ്ശേരി നിയോജക മണ്ഡലത്തിലെ  മൂന്ന് റോഡുകള്‍ മെക്കാഡം ടാര്‍ ചെയ്ത് നവീകരിച്ചതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയുമായിരുന്നു മന്ത്രി.

പൂക്കോം ചൊക്ലി റോഡ്,  പൂക്കോം മാടപ്പീടിക റോഡ്,  ഓറിയന്റല്‍ സ്‌കൂള്‍ വയല്‍പ്പീടിക എന്നീ റോഡുകളാണ് നവീകരിച്ചത്.  2.74 കിലോമീറ്റര്‍ നീളവും അഞ്ചര മീറ്റര്‍ വീതിയിലും ഉള്ള പൂക്കോം ചൊക്ലി റോഡ് പ്രവര്‍ത്തിക്ക് 3.5 കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചത്. 3.675 കിലോമീറ്റര്‍ നീളത്തിലും അഞ്ചര മീറ്റര്‍ വീതിയിലും ഉള്ള പൂക്കോം മാടപ്പീടിക റോഡിന് നാലു കോടിയുടെ ഭരണാനുമതിയും,  1.60 കിലോമീറ്റര്‍ നീളത്തില്‍ അഞ്ചര മീറ്റര്‍ വീതിയിലും ഉള്ള ഓറിയന്റല്‍ സ്‌കൂള്‍ വയല്‍പ്പീടിക റോഡ് പ്രവൃത്തിക്ക് 2.5 കോടി രൂപയുടെ ഭരണാനുമതിയുമാണ് ലഭിച്ചത്.

റോഡ് നവീകരണ പ്രവൃത്തികളുടെ ഭാഗമായി ഓവുപാലങ്ങളും കോണ്‍ക്രീറ്റ് ഓവുചാലുകളും നിര്‍മ്മിക്കുകയും റോഡ് മാര്‍ക്കിങ് ദിശ സൂചക സുരക്ഷ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഈ റോഡുകള്‍ എല്ലാം തന്നെ പന്ന്യന്നൂര്‍ ചൊക്ലി പഞ്ചായത്തുകളില്‍ കൂടി കടന്നു പോകുന്നവയാണ്.  റോഡ് പൊട്ടിപൊളിഞ്ഞതു മൂലം നേരിട്ടിരുന്ന  ഗതാഗത തടസങ്ങള്‍ക്കാണ് ഇതോടെ പരിഹാരമായത്.  എയര്‍പോര്‍ട്ടിലേക്കും തൃപ്രങ്ങോട്ട് പഞ്ചായത്തിലെ മലയോര മേഖലയിലേക്കും,  വാഴമല പോലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും,  പള്ളൂര്‍,  മാഹി,  തലശ്ശേരി, കൊട്ടിയൂര്‍, വയനാട്,  മലബാര്‍ കാന്‍സര്‍ സെന്റര്‍  കോഴിക്കോട് എന്നിവിടങ്ങളിലേക്കും എളുപ്പത്തില്‍ എത്തിച്ചേരാന്‍ ഈ റോഡ് സഹായകരമാവും.