പരിക്കിന് ആശ്വാസമേകും സ്‌പോര്‍ട്‌സ് ആയുര്‍വേദ

post

കാലിക്കറ്റ് യൂനിവേഴ്സ്റ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന റവന്യൂ ജില്ലാ കായികമേളയില്‍ മത്സരാര്‍ഥികള്‍ക്ക് ആശ്വാസവുമായി സ്‌പോട്‌സ് ആയുര്‍വേദ. മത്സരത്തിനിടെ പരിക്കേല്‍ക്കുന്ന മത്സരാര്‍ത്ഥികള്‍ക്ക് ഉടനടി വേണ്ട പ്രാഥമിക ചികിത്സകളും തുടര്‍ ചികിത്സകളും ഒരുക്കി മികച്ച സേവനം കാഴ്ചവയ്ക്കുകയാണ് ജില്ലയിലെ സ്‌പോര്‍ട്‌സ് ആയുര്‍വേദ റിസര്‍ച്ച് സെല്‍ അംഗങ്ങള്‍. പേശീവലിവ്, പേശീസങ്കോചം, മുറിവുകള്‍, സന്ധികള്‍ക്കും മറ്റുമുണ്ടാകുന്ന പരിക്കുകള്‍ തുടങ്ങിയവക്കാവശ്യമായ ചികിത്സകള്‍ സ്‌പോര്‍ട്‌സ് ആയുര്‍വേദ സംഘത്തിലെ ഡോക്ടര്‍മാര്‍ നല്‍കിവരുന്നുണ്ട്. ചെറിയ പരിക്കുകള്‍ക്ക് ഗ്രൗണ്ടില്‍ തയാറാക്കിയ താത്ക്കാലിക പവലിയനില്‍ ഉടനടി വേണ്ട ചികിത്സകള്‍ ചെയ്ത് മത്സരാര്‍ത്ഥികളെ വീണ്ടും മത്സരത്തിന് തയാറാക്കുന്നു.

ഇതിനു മുമ്പ് സംസ്ഥാന അത്‌ലറ്റിക് ചാംപ്യന്‍ഷിപ്, സുബ്രതോ കപ്പ് ഫുട്‌ബോള്‍, സൗത്ത് സോണ്‍ ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയവയിലും യൂണിറ്റ് കര്‍മ നിരതരായിരുന്നു. സ്‌പോട്‌സ് ആയുര്‍വേദ സേവനം ഏറെ ആശ്വാസകരമാണെന്ന് മുന്‍വര്‍ഷങ്ങളില്‍ സംസ്ഥാന, സൗത്ത് സോണ്‍ നാഷണല്‍ മത്സരങ്ങളിലെ കായികതാരങ്ങളുടെയും കോച്ചുമാരുടെയും പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നു. ഡോ. നൗഫല്‍, ഡോ. അബ്ദുല്‍ നാസര്‍, ഡോ: ഇന്ദുകൃഷ്ണ, ഡോ: വാരിസ് , ഡോ: ബിബിന്‍ തെറാപ്പിസ്റ്റുകളായ ശ്രുതി, ജിതേഷ്, വിജേഷ് എന്നിവരടങ്ങിയ സംഘമാണ് മൂന്ന് ദിവസത്തെ കായികമേളയില്‍ ജില്ലയില്‍ സേവനമനുഷ്ഠിക്കുന്നത്. നിലവില്‍ ജില്ലാ ആയുര്‍വേദാശുപത്രിയിലും എംഎസ്പി ക്യാമ്പസിലുമാണ് സര്‍ക്കാര്‍ മേഖലയിലെ സ്‌പോര്‍ട്‌സ് ആയുര്‍വേദ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.