വടക്കെ മലബാറിലെ ആദ്യ ഫിഷറീസ് കോളേജ് പയ്യന്നൂരിൽ

post

ഡിസംബറിൽ ക്ലാസ് തുടങ്ങും

കണ്ണൂർ: വടക്കെ മലബാറിലെ ആദ്യ ഫിഷറീസ് കോളേജ് പയ്യന്നൂരിൽ ഒരുങ്ങുന്നു. ഇന്ത്യയിലെ ആദ്യ ഫിഷറീസ് സമുദ്രപഠന സർവകലാശാലയായ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലക്ക് (കുഫോസ്) കീഴിലാണ് കോളേജ് തുടങ്ങുന്നത്. ഇതിലൂടെ ഫിഷറീസ്, സമുദ്രപഠനം, അക്വാകൾച്ചർ തുടങ്ങിയ മേഖലകളിൽ വിദ്യാർഥികൾക്ക് കൂടുതൽ പഠനം നടത്താനാകും.

സമുദ്രപഠന രംഗത്ത് പ്രാപ്തരായ ഉദ്യോഗാർഥികളാണ് ഓരോ വർഷവും കുഫോസിൽ നിന്ന് പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്നത്. മത്സ്യകൃഷി, ജല ആവാസ വ്യവസ്ഥ, ജൈവവൈവിധ്യം, സമുദ്ര ഉൾനാടൻ മത്സ്യബന്ധനം തുടങ്ങിയവയാണ് സർവ്വകലാശാലയുടെ പ്രധാന പഠന വിഷയങ്ങൾ. ഇതിന്റെ ഭാഗമായാണ് ആദ്യഘട്ടത്തിൽ സർക്കാർ അനുവദിച്ച ഒരു കോടി രൂപ ചെലവിൽ പയ്യന്നൂരിൽ കോളേജ് ആരംഭിക്കുന്നത്. തുടക്കത്തിൽ പയ്യന്നൂർ കോളേജിൽ പ്രഫഷണൽ കോഴ്‌സായ ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസാണ് ആരംഭിക്കുന്നത്.

നീറ്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട 40 പേർക്ക് ആദ്യ ബാച്ചിൽ പ്രവേശനം നൽകും. കേരള ഫിഷർമാൻ വെൽഫെയർ ഫണ്ട് ബോർഡിൽ അംഗത്വമുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികൾക്ക് 20 ശതമാനം സീറ്റ് സംവരണമുണ്ടാകും. ഡിസംബർ ആദ്യവാരത്തിലാണ് ക്ലാസുകൾ തുടങ്ങുക. കോളേജ് തുടങ്ങാൻ ഏഴ് അസി. പ്രഫസർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ മന്ത്രിസഭ യോഗം നേരത്തെ തീരുമാനിച്ചിരുന്നു. പയ്യന്നൂർ ടൗണിനോട് ചേർന്നുള്ള 20,000 ചതുരശ്ര അടി വാടക കെട്ടിടത്തിലാണ് കോളേജ് തുടക്കത്തിൽ പ്രവർത്തിക്കുക. അഞ്ച് വർഷത്തേക്ക്് വാടകക്ക് എടുത്ത കെട്ടിടത്തിൽ ക്ലാസ് മുറികളും ലാബുകളും സജ്ജമാക്കി. വിദ്യാർഥികൾക്കുള്ള ഹോസ്റ്റൽ സൗകര്യവും ഒരുക്കുന്നുണ്ട്.

സ്വന്തം കെട്ടിടം നിർമിക്കാൻ കോറോം ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിന് സമീപം റവന്യു വകുപ്പിന്റെ 12 ഏക്കർ ഭൂമി കണ്ടെത്തിയിട്ടുണ്ട്. സാങ്കേതിക നടപടി പൂർത്തിയാക്കി ഈ ഭൂമി സർവ്വകലാശാലക്ക് കൈമാറും. ഫിഷറീസ് കോളേജ് വടക്കെ മലബാറിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ ചലനങ്ങളുണ്ടാക്കുമെന്നാണ് പ്രതീക്ഷ. സർവ്വകലാശാലക്ക് കീഴിൽ പയ്യന്നൂരിൽ നേരത്തെയുള്ള പ്രാദേശിക കേന്ദ്രം ഇതിന് പുറമെ സാധാരണ നിലയിൽ പ്രവർത്തിക്കും. ഇവിടെ മത്സ്യത്തൊഴിലാളികൾക്കുള്ള വിവിധ പരിശീലനം ഉൾപ്പെടെ നൽകുന്നുണ്ട്.