അന്താരാഷ്ട്ര നിലവാരത്തിൽ 54 പ്രീപ്രൈമറി സ്കൂളുകൾ

post

കുരുന്നുകൾക്ക് ഉല്ലസിച്ചു പഠിക്കാൻ അന്താരാഷ്ട്ര നിലവാരത്തിൽ ജില്ലയിൽ തയ്യാറാകുന്നത് 54 പ്രീപ്രൈമറി സ്കൂളുകൾ. കുട്ടികളിലെ മാനസികവും ബൗദ്ധികവും കായികവുമായ കഴിവുകളുടെ വളര്‍ച്ച ലക്ഷ്യമിട്ടാണ് പ്രീസ്‌കൂളുകൾ ഒരുങ്ങുന്നത്. 2021-22 സാമ്പത്തിക വർഷം ഓരോ ബ്ലോക്ക് റിസോഴ്സ് സെൻറെറിനും കീഴിൽ രണ്ട് സ്‌കൂളുകൾ എന്ന നിലയിൽ 18 സ്‌കൂളുകളാണ് അന്താരാഷ്ട്രാ നിലവാരത്തിൽ നവീകരണം പൂർത്തിയാക്കുന്നത്. സമഗ്ര ശിക്ഷാ കേരളം 'സ്റ്റാർസ്' പദ്ധതി പ്രകാരം 10 ലക്ഷം രൂപയും വിദ്യാലയങ്ങൾ ഉൾക്കൊള്ളുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 5 ലക്ഷം രൂപയും ഉപയോഗപ്പെടുത്തിയാണ് നവീകരണം.

പെരിഞ്ഞനം ഗവ. യുപി സ്‌കൂളാണ് ജില്ലയിൽ അന്താരാഷ്‌ട്ര നിലവാരത്തിൽ നവീകരണം പൂർത്തിയായ ആദ്യ സ്‌കൂൾ. സ്‌കൂളിന്‍റെ പ്രവേശന കവാടം മുതൽ ക്ലാസ് മുറികൾ വരെ വിജ്ഞാനവും കൗതുകവും പകരുന്ന നിരവധി കാഴ്‌ചകള്‍ ഒരുക്കി കുരുന്നുകളുടെ മനംകവരുന്ന രീതിയിലാണ് നവീകരണം.

2022- 23 സാമ്പത്തിക വർഷം ജില്ലയിൽ 36 പൊതുവിദ്യാലയങ്ങൾക്കാണ് അനുമതി ലഭിച്ചത്. ഓരോ സ്കൂളിലെ ഭൗതിക സാഹചര്യവും കുട്ടികളുടെ എണ്ണവും കണക്കാക്കിയാണ് അനുമതി. 'സ്റ്റാർസ്' പദ്ധതി പ്രകാരം 10 ലക്ഷം രൂപയാണ് നവീകരണ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നത്. ആദ്യ ഘട്ടമെന്ന നിലയിൽ 5 ലക്ഷം രൂപ വിദ്യാലയങ്ങൾക്ക് കൈമാറി പ്രാരംഭ ഘട്ട പ്രവർത്തനങ്ങൾ തുടങ്ങി. മൂന്ന് മുതല്‍ അഞ്ചു വയസുവരെയുള്ള കുട്ടികള്‍ക്ക്‌ അന്താരാഷ്‌ട്ര നിലവാരത്തിൽ വിദ്യാഭ്യാസ അടിത്തറ നൽകുകയാണ് ലക്ഷ്യം.

എസ്എസ്കെ നിര്‍ദേശമനുസരിച്ച് ക്ലാസ് മുറികളിൽ പഠന ഇടങ്ങൾ ഒരുക്കും. കുട്ടികളുടെ വായന പരിപോഷിപ്പിക്കാനായി വായനയിടം, കൗതുകം നിറഞ്ഞ ശാസ്‌ത്ര ഇടം, വരയും വർണ്ണങ്ങളും നിറയ്ക്കാൻ വരയിടം, അക്കങ്ങളോട് കൂട്ടു കൂടാൻ ഗണിത ഇടം, കരവിരുതുകള്‍ക്കായി നിർമ്മാണ ഇടം, പ്രകൃതി പഠനത്തിനുള്ള ഇടം, ഭാഷാവികസന ഇടം, ഇ-ഇടം, സംഗീതത്തിനും താളാത്മക ചലനത്തിനുമുളള ഇടം, കരകൗശലം ഇടം ഉൾപ്പെടെ പദ്ധതിയുടെ ഭാഗമായി സജ്ജമാക്കുന്നുണ്ടെന്ന് ജില്ലാ പ്രൊജക്ട് കോഡിനേറ്റർ ഡോ. ബിനോയ് എൻ ജെ പറഞ്ഞു.