തൃശൂരിനെ ഇ ഓഫീസ് ജില്ലയായി പ്രഖ്യാപിച്ചു

post

റവന്യൂ വകുപ്പിലെ ഇ-സേവനങ്ങൾ കൈകാര്യം ചെയ്യുന്നതിന് പൊതുജനങ്ങളെ പ്രാപ്തരാക്കുമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. 2023ഓടെ റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ ജനങ്ങളെ ഇ-സേവനങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിന് വിപുലമായ പരിപാടികൾ സംഘടിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. തൃശൂരിനെ ഇ-ഓഫീസ് ജില്ലയായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ ഇ-ഓഫീസ് ജില്ലയായി പ്രഖ്യാപിക്കുന്ന നാലാമത്തെ ജില്ലയാണ് തൃശൂർ.

ഇ-സാക്ഷരതയിൽ വിപുലമായ മുന്നേറ്റം തുടരുന്നതോടെ സേവനങ്ങൾ സമ്പൂർണ്ണ ഡിജിറ്റലൈസ്ഡ് ആകുന്ന ആദ്യ വകുപ്പായി റവന്യൂ വകുപ്പ് മാറുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. റവന്യൂ വകുപ്പിന്റെ ഇ-ഓഫീസ് സംവിധാനത്തിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിന് എംപി ഫണ്ടിൽ നിന്നും തുക അനുവദിക്കുമെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത ടി എൻ പ്രതാപൻ എംപി അറിയിച്ചു. ജില്ലയെ ഇ-ഓഫീസ് ആക്കുന്നതിന് പ്രയത്നിച്ച ഉദ്യോഗസ്ഥർക്കുള്ള പ്രശംസാപത്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ വിതരണം ചെയ്തു.