ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ മഞ്ചേശ്വരം 454 യൂണിറ്റുകൾ തുടങ്ങി

post

ഒരു വർഷം ഒരു ലക്ഷം സംരംഭം പദ്ധതിയുടെ മഞ്ചേശ്വരം നിയോജക മണ്ഡലം അവലോകനയോഗവും നിക്ഷേപക സംഗമവും എ.കെ.എം. അഷ്റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷമീന ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.

ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയിൽ മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ ഇതുവരെ 454 സംരംഭങ്ങൾ തുടങ്ങി. 69 നിർമാണ സംരംഭങ്ങളും 168 സേവന സംരംഭങ്ങളും 216 കച്ചവട സംരംഭങ്ങളുമാണിവ. പ്രഖ്യാപിത ലക്ഷ്യത്തിന്റെ 38 ശതമാനമാണിത്. ഇതിലൂടെ 19.23 കോടി രൂപയുടെ നിക്ഷേപവും 869 പേർക്ക് പുതിയ തൊഴിലും ലഭിച്ചിട്ടുണ്ട്.

1211 സംരംഭങ്ങളാണ് പദ്ധതിയിൽ മണ്ഡലത്തിൽ പ്രതീക്ഷിക്കുന്നത്. മഞ്ചേശ്വരം പഞ്ചായത്തിലാണ് ഏറ്റവുമധികം സംരംഭങ്ങൾ തുടങ്ങിയത് - 90 എണ്ണം. ഒരു വർഷം ഒരു ലക്ഷം സംരംഭം പദ്ധതിയുടെ മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളുടെ പുരോഗതി റിപ്പോർട്ട്, വകുപ്പ് നടപ്പിലാക്കി വരുന്ന സ്കീമുകൾ, പുതിയ പദ്ധതികൾ എന്നിവ കാസർകോട് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.സജിത്ത് കുമാർ അവതരിപ്പിച്ചു. മണ്ഡലത്തിലെ നിക്ഷേപ സാദ്ധ്യതകളും ബാങ്കിംഗ് രംഗത്തെ പ്രശ്നങ്ങളും നിക്ഷേപകർ ചർച്ച ചെയ്തു.