പെരളശ്ശേരിയില്‍ കുട്ട്യോളുടെ ചട്ടീല്‍ കൃഷി

post

കണ്ണൂര്‍: കേട്ടാല്‍ മറക്കും,കണ്ടാല്‍ വിശ്വസിക്കും, ചെയ്താല്‍ പഠിക്കും.! ഈ പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കുകയാണ് പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. കൃഷി കാര്യങ്ങള്‍ കേള്‍ക്കുകയും, കേട്ടത് മറക്കാതിരിക്കാന്‍ ചെടികളുടെ അനുദിന വളര്‍ച്ച കാണുകയും, ഒപ്പം കൃഷി ചെയ്ത് പഠിക്കുകയുമാണവര്‍. ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേര്‍ന്ന് നടത്തുന്ന 'കുട്ട്യോളുടെ ചട്ടീല്‍ കൃഷി' പദ്ധതിയുടെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ കൃഷിപ്പണിയിലേക്ക് തിരിഞ്ഞത്.

കൃഷിവകുപ്പിന്റെ 'ഞങ്ങളും കൃഷിയിലേക്ക് ' പദ്ധതിയില്‍ വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യം. എല്‍ പി സ്‌കൂള്‍ മുതല്‍ ഹയര്‍സെക്കണ്ടറിതലം വരെയാണ് പദ്ധതി നടപ്പാക്കിയത്. പച്ചക്കറി കൃഷിയില്‍ പ്രയോഗിക പരിശീലനമാണ് നല്‍കുന്നത് . ഇതിനായി പോട്ടിംഗ് മിശ്രിതം ഉള്‍പ്പെടുത്തി 25 മണ്‍ചട്ടികളില്‍ വെണ്ട, പച്ചമുളക്, തക്കാളി, വഴുതന തുടങ്ങിയവയുടെ തൈകള്‍ നട്ടുപടിപ്പിച്ച് ഓരോ സ്‌കൂളിനും നല്‍കി.

മണ്ണിന്റെ പ്രത്യേകത, മണ്ണിലെ ഘടക വസ്തുക്കള്‍, ചെടികള്‍ക്കാവശ്യമായ സസ്യാഹാര മൂലകങ്ങള്‍, ചെടിയുടെ വളര്‍ച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍, മണ്ണിനെ സസ്യജീവിതത്തിന് പര്യാപ്തമാം വിധം ഒരുക്കുന്ന രീതി, വിവിധതരം വള പ്രയേഗങ്ങള്‍ തുടങ്ങിയവ ഇതിലൂടെ കുട്ടികള്‍ക്ക് പഠിക്കാനാകും.

രോഗ-കീടബാധകള്‍ക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, പ്രകൃതി സൗഹൃദ കീട-കുമിള്‍നാശിനികള്‍ എന്നിവയെക്കുറിച്ചും അറിവ് ലഭിക്കും. പൂര്‍ണമായും ജൈവ രീതിയിലാണ് കൃഷി ചെയ്യുക. വളര്‍ച്ച ഘട്ടത്തില്‍ ചെടികളെ കുട്ടികള്‍ നിരീക്ഷിക്കും. സൂഷ്മ നിരീക്ഷണങ്ങളിലൂടെ വിവിധ കാര്യങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. ഇതിലൂടെ കണ്ടെത്തിയ കാര്യങ്ങള്‍ കൃഷി വിദഗ്ദരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യും. ചട്ടികളില്‍ പച്ചക്കറി കൃഷി ചെയ്യാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പ്രദേശത്തെ എല്ലാ സ്‌കൂളുകളിലും ഗ്രാമപഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്.

പഞ്ചായത്തിലെ കാര്‍ഷിക കര്‍മ്മ സേന പദ്ധതിക്ക് പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്. കുട്ടികളിലൂടെ ഇത്തരമൊരു കാര്‍ഷിക സംസ്‌കാരം വികസിക്കുമ്പോള്‍ അത് സുസ്ഥിര വികസന സങ്കല്‍പ്പത്തിന് കരുത്താകുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് എ വി ഷീബ പറഞ്ഞു. സ്‌കൂളില്‍ നിന്നും പകരുന്ന കൃഷി പാഠം വിദ്യാര്‍ഥികള്‍ വീടുകളിലും പ്രാവര്‍ത്തികമാക്കുമ്പോള്‍ കാര്‍ഷിക മേഖലക്ക് പുത്തന്‍ ഉണര്‍വ്വാകുമെന്നാണ് പ്രതീക്ഷ.