ചിറ്റൂർ താലൂക്ക് ആശുപത്രിയുടെ ഉദ്ഘാടനം ഏപ്രിലിൽ

post

പാലക്കാട്‌: ആറുവര്‍ഷം മുമ്പുവരെ സൗകര്യമില്ലായ്മയുടെ പേരില്‍ പരാതികളും പരിഭവങ്ങളും മാത്രമായിരുന്നു ചിറ്റൂര്‍ താലൂക്ക്‌ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക്‌ പറയാനുണ്ടായിരുന്നത്‌.

എന്നാലിപ്പോള്‍ കഥ മാറി, അത്യാധുനിക സൗകര്യങ്ങളോടെ ഏഴുനിലക്കെട്ടിടം യാഥാര്‍ത്ഥ്യമാകുന്നു. പൂര്‍ണ സജ്ജമാക്കി ആശുപത്രി ഏപ്രിലില്‍ ജനങ്ങള്‍ക്ക് സമര്‍പ്പിക്കും. ആരോഗ്യ രംഗത്ത്‌ എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ ഇച്ഛാശക്തിക്കുള്ള പൊന്‍തൂവലായിമാറും ചിറ്റൂര്‍ താലൂക്ക് ആശുപത്രി.

ജില്ലയിലെ ഏറ്റവും വലിയ താലൂക്ക്‌ ആശുപത്രിയായി ചിറ്റൂര്‍ മാറും. കെട്ടിടത്തിനും ഫര്‍ണിച്ചറുകള്‍ക്കും ഉപകരണങ്ങള്‍ക്കുമായി 70.51 കോടി രൂപയാണ് ചെലവ്‌. ഇതില്‍ 41.56 കോടി ചെലവിലുളള കെട്ടിടം പൂര്‍ത്തിയായി. ഓപ്പറേഷന്‍ തീയറ്റര്‍, ഐസിയു, ഡയാലിസിസ് യൂണിറ്റ്, സ്കാന്‍ സെന്റര്‍, വാര്‍ഡ്‌, ലാബ്‌, സൂപ്പര്‍ സ്പെഷ്യലിസ്റ്റ് ഒപികള്‍ തുടങ്ങിയവ പുതിയ കെട്ടിടത്തിലുണ്ടാവും. ടൈല്‍സ്, ഇലക്‌ട്രിക്കല്‍, അഗ്നിരക്ഷാ സംവിധാനങ്ങള്‍, മെഡിക്കല്‍ ഗ്യാസ്, ലിഫ്റ്റ് സ്ഥാപിക്കല്‍ എന്നീ ജോലികള്‍ മാത്രമാണ് പൂര്‍ത്തിയാകാനുള്ളത്.

അട്ടപ്പാടി കഴിഞ്ഞാല്‍ ഏറ്റവുമധികം ആദിവാസി വിഭാഗക്കാര്‍ താമസിക്കുന്ന പ്രദേശമാണ്‌ ചിറ്റൂര്‍ താലൂക്ക്‌. കാര്‍ഷികമേഖലയായ ചിറ്റൂരില്‍ മികച്ച ചികിത്സയ്ക്കായി അന്യ ജില്ലകളിലേക്കോ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലേക്കോ പോകേണ്ട സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്‌. എന്നാല്‍ ആശുപത്രി നവീകരണം കഴിയുന്നതോടെ സ്ഥിതി മാറും. 2020 ആഗസ്‌ത്‌ 27നായിരുന്നു നിര്‍മാണോദ്ഘാടനം. മുട്ടെല്ല്‌, ഇടുപ്പെല്ല്‌, ഗര്‍ഭപാത്രം മാറ്റിവയ്‌ക്കല്‍ അടക്കം നിരവധി ശസ്ത്രക്രിയകള്‍ ആശുപത്രിയില്‍ ഇതിനോടകം നടത്തിയിട്ടുണ്ട്‌.