കുട്ടികളിൽ ശാസ്ത്രബോധം വളർത്തണം

post

വർധിച്ചുവരുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പ്രതിരോധിക്കാൻ കുട്ടികളിൽ ശാസ്ത്രബോധം വളർത്തണമെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്തിലെ വലിയചാൽ ഗവ. എൽ പി സ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശാസ്ത്രലോകത്തിന്റെ വളർച്ചയും പുരോഗമന ആശയങ്ങളും വിദ്യാർഥികളിൽ എത്തിക്കാനും അധ്യാപകർക്ക് സാധിക്കണം. അതോടൊപ്പം കുട്ടികളിലെ ലഹരി ഉപയോഗം തടയണമെന്നും വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾ തിരിച്ചറിയാൻ സാധിക്കണമെന്നും സ്പീക്കർ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് 15 ലക്ഷം, ബ്ലോക്ക് പഞ്ചായത്ത് ഏഴ് ലക്ഷം, കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്ത് 16 ലക്ഷം എന്നിങ്ങനെ 38 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിർമിച്ചത്. മൂന്ന് ക്ലാസ് മുറികളും ഒരു ശുചിമുറി ബ്ലോക്കുമാണ് ഇതിലുള്ളത്.

ടി ഐ മധുസൂദനൻ എംഎൽഎ അധ്യക്ഷത വഹിച്ചു. പുതുക്കിയ കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി വത്സലയും സ്‌കൂൾ ചരിത്രത്തിന്റെ ഫോട്ടോ അനാഛാദനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം വി സുനിൽകുമാറും നിർവഹിച്ചു.