അംഗീകാരങ്ങളുടെ നിറവില്‍ വാപ്പാല കുടുംബാരോഗ്യകേന്ദ്രം

post

വെളിയം ഗ്രാമപഞ്ചായത്തിലെ വാപ്പാല കുടുംബാരോഗ്യകേന്ദ്രം പുരസ്‌ക്കാര നിറവില്‍. നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് സര്‍ട്ടിഫിക്കേഷനില്‍ (എന്‍.ക്യു.എ.എസ്) 97 ശതമാനം മാര്‍ക്ക് നേടി ദേശീയ അംഗീകാരവും സംസ്ഥാന സര്‍ക്കാരിന്റെ കായകല്‍പ പുരസ്‌കാരവുമാണ് നേടിയത്.

സര്‍ക്കാര്‍ ആശുപത്രികളിലെ സേവനങ്ങളുടെ ഗുണനിലവാരം, രോഗികളുടെ സുരക്ഷ, രോഗികളുടെയും ജീവനക്കാരുടെയും അവകാശ സംരക്ഷണം, ഭൗതിക സാഹചര്യം, ആരോഗ്യ വിഷയങ്ങളെ കുറിച്ചുള്ള ജീവനക്കാരുടെ അറിവ് എന്നിവയിലെ മികവിനാണ്് ദേശീയ അംഗീകാരം. ശുചിത്വപരിപാലനം, അണുബാധനിയന്ത്രണം എന്നിവയില്‍ മികച്ച പ്രവര്‍ത്തനത്തിന് കായകല്‍പ പുരസ്‌കാരവും.

ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ കഴിഞ്ഞ ദിവസം ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജ്, ധനകാര്യ മന്ത്രി കെ. എന്‍ ബാലഗോപാല്‍ എന്നിവരില്‍ നിന്നും വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ബിനോജ് പുരസ്‌കാരം സ്വീകരിച്ചു.