ആറ്റുകാല്‍ പൊങ്കാല: ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍

post

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് സര്‍ക്കാര്‍ തലത്തിലുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. വഴിവിളക്കുകള്‍, അടിയന്തരഘട്ടങ്ങളിലെ ചികിത്സ, ആംബുലന്‍സ്, ഭക്ഷ്യ സുരക്ഷ, കുടിവെള്ളം, വാഹന പാര്‍ക്കിംഗ്, ഇ-ടോയ്‌ലറ്റ് എന്നിവയുടെ അവസാനവട്ട പ്രവൃത്തികള്‍ നടന്നുവരുന്നു. സുരക്ഷക്ക് വിപുലമായ പോലീസ് സംവിധാനമുണ്ടാകും. നിരീക്ഷണ ക്യാമറകള്‍ പ്രധാന ഭാഗങ്ങളിലെല്ലാമുണ്ട്. പൊങ്കാലക്ക് ശേഷമുള്ള നഗരശുചീകരണത്തിന് നഗരസഭ ജീനവക്കാര്‍ക്ക് പുറമേ 1,500 താത്ക്കാലിക ജീവനക്കാരെക്കൂടി നിയോഗിച്ചു. നഗരസഭയുടെ വാഹനങ്ങള്‍ക്ക് പുറമേ കരാറടിസ്ഥാനത്തില്‍ ആവശ്യമായ വാഹനങ്ങള്‍ ഏര്‍പ്പാടാക്കും. പൂര്‍ണമായും ഹരിതചട്ടം പാലിച്ചാണ് ഇത്തവണ ആറ്റുകാല്‍ പൊങ്കാല നടക്കുക. സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയ ശേഷമുള്ള ആദ്യ ആറ്റുകാല്‍ പൊങ്കാല എന്ന പ്രത്യേകത കൂടിയുണ്ട്. 

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെ തട്ടുകടകള്‍, റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് രാത്രികാല പരിശോധന കര്‍ശനമാക്കിയതായി ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ എ. ആര്‍. അജയകുമാര്‍ അറിയിച്ചു. 54 ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരുടെ 14 സ്‌ക്വാഡുകളാണ് പരിശോധനയില്‍ പങ്കെടുക്കുന്നത്. മാര്‍ച്ച് 10 വരെ പരിശോധന തുടരുമെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ അറിയിച്ചു. ഭക്ഷ്യ സംരക്ഷ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കും പരാതി അറിയിക്കാം. ഫോണ്‍ 1800 4251125, 8943 346 181, 8943 346 195, 7593 862 806.

കുടിവെള്ളമെത്തിക്കുന്നതിന് വാട്ടര്‍ അതോറിറ്റി സുസജ്ജം

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് കുടിവെള്ള വിതരണം സുഗമമാക്കുന്നതിന് എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായതായി വാട്ടര്‍ അതോറിറ്റി അറിയിച്ചു. പൊങ്കാല ആവശ്യങ്ങള്‍ക്കായി നഗരത്തില്‍ 1,270 താല്‍ക്കാലിക കുടിവെള്ള ടാപ്പുകള്‍ സ്ഥാപിച്ചു. പൊങ്കാല മേഖലകളില്‍ സ്ഥാപിച്ച വാട്ടര്‍ ടാങ്കുകളില്‍ ടാങ്കര്‍ ലോറികള്‍ വഴി കുടിവെള്ളമെത്തിക്കും. ആറ്റുകാല്‍ മേഖലയിലെ കടവുകളില്‍ 50 ഷവറുകളും സ്ഥാപിച്ചിട്ടുണ്ട്. പൊങ്കാല പ്രദേശങ്ങളെ ആറ്റുകാല്‍, ഫോര്‍ട്ട്, ചാല, ശ്രീവരാഹം എന്നിങ്ങനെ നാല് മേഖലകളായി തിരിച്ച് അത്യാവശ്യ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി. ആറ്റുകാല്‍,  കളിപ്പാന്‍കുളം, കൊഞ്ചിറവിള, കുര്യാത്തി, മണക്കാട് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ആറ്റുകാല്‍ മേഖലയില്‍ 700 ടാപ്പുകളും തമ്പാനൂര്‍, ചാല, വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ചാല മേഖലയില്‍ 130 ടാപ്പുകളും ഫോര്‍ട്ട് ഈഞ്ചയ്ക്കല്‍ വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ഫോര്‍ട്ട് മേഖലയില്‍ 160 ടാപ്പുകളും ശ്രീവരാഹം, അമ്പലത്തറ, കമലേശ്വരം, മാണിക്യവിളാകം, പുത്തന്‍പള്ളി വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ശ്രീവരാഹം മേഖലയില്‍ 280 ടാപ്പുകളും സ്ഥാപിക്കുന്ന പ്രവൃത്തികള്‍ നാളെ പൂര്‍ത്തിയാകും. 

അറ്റകുറ്റപ്പണികള്‍ക്കായി നിയോഗിച്ച 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജോലിക്കാരുടെ പ്രത്യേക സംഘം പൊങ്കാല കഴിയുന്നതുവരെയുണ്ടാകും. ഇതു കൂടാതെ തിരുവനന്തപുരം കോര്‍പറേഷന്‍ സ്ഥാപിക്കുന്ന കിയോസ്‌കുകളില്‍ കുടിവെള്ളം എത്തിക്കാനായി പിടിപി നഗര്‍, ഫില്‍ട്ടര്‍ ഹൗസ് എന്നിവിടങ്ങളില്‍ വെന്‍ഡിങ് പോയിന്റുകള്‍ സ്ഥാപിക്കും. കൂടാതെ ആറ്റുകാലിന് സമീപം ഐരാണിമുട്ടം ടാങ്കില്‍ വെന്‍ഡിങ് പോയിന്റും സ്ഥാപിക്കുന്നുണ്ട്. പൊങ്കാല പ്രദേശങ്ങളില്‍ ഡ്രെയ്‌നേജ് പൈപ്പുകളും മാന്‍ഹോളുകളും വൃത്തിയാക്കുന്നതിനായി 25 പ്രവൃത്തികള്‍ക്ക് 92.62 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായും ഈ ജോലികള്‍ നാളെ പൂര്‍ത്തിയാകുമെന്നും വാട്ടര്‍ അതോറിറ്റി അറിയിച്ചു.

പൊങ്കാല സുഗമമാക്കാന്‍ സന്നദ്ധ പ്രവര്‍ത്തകരും

ആറ്റുകാല്‍ പൊങ്കാല സുഗമമാക്കാന്‍ 250ലധികം സന്നദ്ധ പ്രവര്‍ത്തകരെ ജില്ലാ ഭരണകൂടം നിയോഗിച്ചു. പൊങ്കാലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഇവര്‍ സഹായിക്കും. ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംവിധാനം ഒരുക്കുന്നത്. നഗരത്തില്‍ 15 പോയിന്റുകളിലായാണ് ഇവരുടെ പ്രവര്‍ത്തനം. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ടാസ്‌ക് ഫോഴ്‌സ് എന്ന പേരിലാണ് ഇവരെ നിയമിക്കുന്നത്. ഇതിനായി കോളേജ് വിദ്യാര്‍ത്ഥികളുടേതടക്കം സേവനമാണ് ജില്ലാ ഭരണകൂടം പ്രയോജനപെടുത്തിയിരിക്കുന്നത്. വളണ്ടിയറായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജ് വഴി രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് - 9633 096 769.

മാര്‍ച്ച് ഒന്‍പതിന് പ്രാദേശിക അവധി

ആറ്റുകാല്‍ പൊങ്കാല നടക്കുന്ന മാര്‍ച്ച് ഒന്‍പതിന് തിരുവനന്തപുരം ജില്ലയ്ക്ക് കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.