എക്സൈസ് വകുപ്പിന്റെ വിവിധ പരിപാടികളുടെ ഉദ്ഘാടനം

എക്സൈസ് വകുപ്പ് നടപ്പിലാക്കുന്ന ലഹരി വിമുക്തി പ്രവര്‍ത്തനങ്ങള്‍ വകുപ്പിന്റെ പ്രവര്‍ത്തന വിപുലീകരണത്തിന്റെ തെളിവുകളാണെന്ന് എക്‌സൈസ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷ്. എക്‌സൈസ് വകുപ്പിന്റെ വിവിധ പരിപാടികളുടെ ഉദ്ഘാടനം കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസ് അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
വ്യാജമായ ആഹ്ലാദം മാത്രമാണ് ലഹരി നല്‍കുന്നത്. ജീവിത വ്യവഹാരങ്ങളില്‍ നിന്ന് ലഹരി കണ്ടെത്താന്‍ പുതുതലമുറ ലഹരിക്കെതിരെ പുതുവഴികള്‍ തുറന്നിടണം. കുട്ടികളെയാണ് ലഹരി പിടിമുറുക്കുന്നത്. ഇതിനെതിരെയുള്ള ആയുധമായാണ് ജനസൗഹൃദ പ്രവര്‍ത്തനങ്ങളുമായി എക്സൈസ് മുന്നിട്ടിറങ്ങുന്നതെന്നും മന്ത്രി പറഞ്ഞു.
വിമുക്തി ലൈബ്രറി & റീഡിങ് റൂം, എക്സൈസ് റേഞ്ച് ഓഫീസ് സംഘടിപ്പിച്ച ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഓഫീസ് തല ഉദ്ഘാടനം, അവാര്‍ഡ് വിതരണം, നവീകരിച്ച പഠന മുറിയുടെ ഉദ്ഘാടനം എന്നിവ മന്ത്രി നിര്‍വഹിച്ചു.
സി. ആര്‍ മഹേഷ് എം. എല്‍. എ അധ്യക്ഷനായി. സുജിത്ത് വിജയന്‍ പിള്ള എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള ബാബാ ആംതെ ആവാര്‍ഡ് പോച്ചയില്‍ നാസറും, ഡോ. ഡാം സിസിലി സോള്‍ഡാസിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ മികച്ച ഡോക്ടര്‍ക്കുള്ള പുരസ്‌കാരം താലൂക്ക് ആശുപത്രി മുന്‍ ആര്‍. എം. ഒ ഡോ. അനൂപ് കൃഷ്ണനും ഏറ്റുവാങ്ങി.
ദക്ഷിണ മേഖല ജോയിന്റ് എക്സൈസ് കമ്മീഷണര്‍ എ.ആര്‍ സുല്‍ഫിക്കര്‍, എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍,റ്റി. അനികുമാര്‍, കരുനാഗപ്പള്ളി അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ പി. എല്‍ വിജിലാല്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ചടങ്ങിന്റെ ഭാഗമായി ലഹരിക്കെതിരെ കാര്‍ട്ടൂണിസ്റ്റ് അഡ്വ.ജി.ജിതേഷ് നയിച്ച വരയരങ്ങും നടന്നു.