ഡോ. ഗുണ്ടർട്ട് ഫൗണ്ടേഷൻ സ്‌കൂളും സ്ഥലവും എംസിസിക്ക് കൈമാറും

post

സ്പീക്കർ പങ്കെടുത്ത യോഗത്തിൽ പ്രാഥമിക തീരുമാനമായി


ഡോ. ഗുണ്ടർട്ട് ഫൗണ്ടേഷൻ സ്‌കൂളും സ്ഥലവും മലബാർ കാൻസർ സെന്ററിന് വിട്ട് നൽകാൻ പ്രാഥമിക തീരുമാനമായി. സ്പീക്കർ എ എൻ ഷംസീറും ഗുണ്ടർട്ട് ഫൗണ്ടേഷൻ ഗവേണിംഗ് ബോഡി അംഗങ്ങളും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. 2.25 ഏക്കർ സ്ഥലം സൗജന്യമായാണ് വിട്ടുനൽകുക. സാമ്പത്തിക പരാധീനതകൾ ഉള്ളതിനാൽ മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കാത്ത സാഹചര്യത്തിൽ സ്‌കൂൾ മറ്റേതെങ്കിലും സ്ഥാപനത്തിന് കൈമാറുന്നതാണ് നല്ലതെന്ന തീരുമാനപ്രകാരമാണ് മലബാർ കാൻസർ സെന്ററിന് നൽകാനുള്ള തീരുമാനത്തിലെത്തിയത്. സ്ഥാപനത്തിന്റെ ബൈലോ പ്രകാരം സ്വകാര്യ വ്യക്തിക്ക് സ്ഥലം കൈമാറാൻ പാടില്ല. സമാനമായ മറ്റ് സൊസൈറ്റിക്ക് കൈമാറാമെന്ന വ്യവസ്ഥയിലാണ് എംസിസിക്ക് ഭൂമി നൽകാൻ തീരുമാനിച്ചത്.

2025 ഓടു കൂടി ഓങ്കോളജിക്കൽ റിസർച്ച് സെന്ററാകാൻ ഒരുങ്ങുന്ന എം സി സിക്ക് വിവിധ കോഴ്‌സുകൾ നടത്തുന്നതിന് ഈ സ്ഥലം ഉപയോഗമാകും. ഈ അധ്യയന വർഷം പൂർത്തിയാകുന്നതോടെ ഭൂമി കൈമാറുന്നതിനുള്ള തുടർ നടപടികൾ കൈക്കൊള്ളും.

ഗുണ്ടർട്ട് മെമ്മോറിയൽ ആയി തന്നെ കൈമാറാനാണ് യോഗം നിർദേശിച്ചത്. മൂർക്കോത്ത് രാമുണ്ണിയുടെ നേതൃത്വത്തിൽ ഡോക്ടർ ഹർമൻ ഗുണ്ടർട്ടിന്റെ അഞ്ചാം തലമുറക്കാരനായ ഗേട്ടേഡ് ഐ ഫ്രന്റ്‌സാണ് 2004ൽ സ്‌കൂളിന് തറക്കല്ലിട്ടത്. മഞ്ഞോടി ഗുണ്ടർട്ട് ഫൗണ്ടേഷൻ സ്‌കൂളിൽ സ്പീക്കറുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഫൗണ്ടേഷൻ ബോഡി അംഗങ്ങളായ കെ കെ രാഘവൻ, എൻ ബാലകൃഷ്ണൻ, കെ ശശിധരൻ, വി വി മാധവൻ, കെ വിനയരാജ് എന്നിവർ പങ്കെടുത്തു.