പ്രതിരോധിക്കാം ലംപി സ്‌കിന്‍ രോഗത്തെ

post

അല്‍പ്പം ശ്രദ്ധകൊടുത്താല്‍ കന്നുകാലികളെ ബാധിക്കുന്ന ലംപി സ്‌കിന്‍ രോഗത്തെ പ്രതിരോധിക്കാനാകും. കൊതുക്, കടിക്കുന്ന ഇനം ഈച്ചകള്‍, പട്ടുണ്ണികള്‍ തുടങ്ങിയ പരാദ ജീവികളിലൂടെയാണ് പ്രധാനമായും ഈ വൈറസ് രോഗം പകരുന്നത് എന്നതുകൊണ്ടുതന്നെ ഇവയുടെ നശീകരണത്തിലൂടെയും കന്നുകാലികള്‍ക്ക് കൃത്യമായ ചികിത്സ ലഭ്യമാക്കുന്നതിലൂടെയും ഒരു പരിധിവരെ രോഗത്തെ പ്രതിരോധിക്കാം. കന്നുകാലികളെ ബാധിക്കുന്ന ഈ രോഗം മറ്റു മൃഗങ്ങളെയോ മനുഷ്യരെയോ ബാധിക്കില്ല .
2019ല്‍ ഒഡീഷയിലാണ് ലംപി സ്‌കിന്‍ രോഗം ഇന്ത്യയിലാദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. കാപ്രി പോക്‌സ് ഇനത്തിലുള്ള പോക്‌സ് വൈറസാണ് രോഗകാരണം. രോഗം ബാധിച്ച മൃഗങ്ങള്‍ 2-3 ആഴ്ച്ചക്കുള്ളില്‍ രോഗവിമുക്തരാകുമെങ്കിലും പാലുല്‍പ്പാദനത്തിലെ കുറവ് നീണ്ടുനില്‍ക്കും. രോഗം പകരാനുള്ള സാധ്യത 10 മുതല്‍ 20 ശതമാനം വരെയാണ്. രോഗംമൂലം അപൂര്‍വ്വമായി മരണവും സംഭവിക്കാറുണ്ട്.
ലംപി സ്‌കിന്‍ രോഗം സംബന്ധിച്ച് ജാഗ്രത പുലര്‍ത്തുന്നതിനായി സംസ്ഥാനത്താകെയുള്ള ക്ലിനിക്കല്‍, ലബോറട്ടറി, ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ സ്ഥാപനങ്ങള്‍ക്ക് മൃഗസംരക്ഷണവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തൃശൂര്‍ പാലക്കാട് ജില്ലകളില്‍ രോഗം സ്ഥിരീകരിച്ചുകഴിഞ്ഞു. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസിന്റെ സാങ്കതിക സഹായത്തോടെയാണ് മൃഗസംരക്ഷണവകുപ്പ് രോഗം സ്ഥിരീകരിച്ചത്.
എല്ലാ ജില്ലകളിലെയും എപിഡെമിയോളജിസ്റ്റുമാരുടെയും ജില്ലാ ലബോറട്ടറി ഓഫീസര്‍മാരുടെയും നേതൃത്വത്തിലുള്ള സംഘം രോഗബാധിതപ്രദേശം സന്ദര്‍ശിച്ച് അടിയന്തിര നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുപുറമെ രോഗം സംശയിക്കുന്ന കന്നുകാലികളില്‍നിന്നും പരിശോധനക്കായി സാമ്പിളുകള്‍ ശേഖരിച്ചുകഴിഞ്ഞു. പാലോട് സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസസില്‍ രോഗനിര്‍ണയത്തിനുള്ള സംവിധാനം സജ്ജമാണ്. കൂടാതെ രോഗബാധ സംശയിക്കപ്പെടുന്നപക്ഷം കന്നുകാലി കര്‍ഷകര്‍ക്ക് അതത് പ്രദേശത്തെ വെറ്ററിനറി ഡോക്ടറെ സമീപിക്കാവുന്നതുമാണ്. 
രോഗലക്ഷണങ്ങള്‍
രണ്ടോ അതിലധികം ദിവസമോ നീണ്ടുനില്‍ക്കുന്ന പനി.
ദേഹമാസകലമുണ്ടാകുന്ന മുഴകള്‍ (വായ്ക്കുള്ളിലും തൊണ്ട, ശ്വാസനാളം എന്നിവയിലുള്‍പ്പെടെ).
കൈകാലുകളിലെ നീര്‍വീക്കം.
കഴലഗ്രന്ഥികളുടെ വീക്കം.
പാലുല്‍പ്പാദനത്തിലെ കുറവ്.
കന്നുകാലികളിലെ അബോര്‍ഷന്‍, വന്ധ്യത
രോഗസംക്രമണം എങ്ങനെ നിയന്ത്രിക്കാം...
കന്നുകാലികളെ പുതുതായി വാങ്ങുന്നത് ഒഴിവാക്കുക.
രോഗലക്ഷണങ്ങളുള്ള കന്നുകാലികളെ പ്രത്യേകം പാര്‍പ്പിക്കുക.
കന്നുകാലികളുടെ ശരീരത്തിലെ ഈച്ചകള്‍, പട്ടുണ്ണികള്‍ തുടങ്ങിയ പരാദ ജീവികളെ നശിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുക.
തൊഴുത്ത് വൃത്തിയായി സൂക്ഷിക്കുക.
അണുനാശിനികള്‍ ഉപയോഗിച്ച് തൊഴുത്ത് അണുവിമുക്തമാക്കുക.

രോഗം സംബന്ധിച്ച സംശയങ്ങള്‍ക്ക് 0471 2732151 എന്ന നമ്പറില്‍ ബന്ധപ്പെടാം.