ലൈഫ് പദ്ധതി ജില്ലാതല ഗുണഭോക്തൃ സംഗമം

post

സ്വന്തം വീടെന്ന സ്വപ്നസാക്ഷാത്ക്കാരത്തിലൂടെ പുതുജീവിതത്തിലേക്ക് കടക്കുന്നവരുടെ സംഗമം സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന് തെളിവാകുകയാണെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ജില്ലാ പഞ്ചായത്തിലെ ജയന്‍ സ്മാരക ഹാളില്‍ ലൈഫ് പദ്ധതിയുടെ ജില്ലാതല ഗുണഭോക്തൃ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സമൂഹത്തിലെ താഴെത്തട്ടിലുള്ളവരുടെ സാമൂഹിക-സാമ്പത്തിക ഉന്നമനവും അന്തസാര്‍ന്ന ജീവിതവും ഉറപ്പാക്കുകയാണ് സര്‍ക്കാര്‍. എല്ലാവര്‍ക്കും ഭൂമിയും വീടും ഉറപ്പാക്കുകയാണ് ലക്ഷ്യം. തദ്ദേശ സ്ഥാപനങ്ങള്‍, ഇതര വകുപ്പുകള്‍, ഭവന നിര്‍മ്മാണ ബോര്‍ഡുകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ലൈഫ് ഗുണഭോക്താക്കളെ എല്ലാ സാമൂഹിക പ്രക്രിയയിലും പങ്കാളിയാക്കുന്നതിന്റെ ഭാഗമാണ് ഇവിടെ നടത്തുന്ന സംഗമം. ഭവന നിര്‍മ്മാണത്തിനുള്ള ആദ്യഗഡു ലഭിക്കുന്നതിന് അനുബന്ധമായി നിര്‍മാണപ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

ജില്ലയിലെ അതിദരിദ്ര വിഭാഗങ്ങള്‍ക്ക് ഭവനനിര്‍മ്മാണ ബോര്‍ഡിന്റെ സഹകരണത്തോടെ ‘സ്വപ്നക്കൂട്' പദ്ധതിവഴി 100 പേര്‍ക്ക് വീട് നിര്‍മ്മിച്ച് അടുത്തവര്‍ഷം തന്നെ താക്കോലുകള്‍ കൈമാറുമെന്ന് അധ്യക്ഷനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ പറഞ്ഞു.

ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കിയ വീടുകളുടെ പ്രതീകാത്മക താക്കോല്‍ദാനം മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിച്ചു. വീടുകളുടെ തുടര്‍പരിപാലനം, ജീവനോപാധി കണ്ടെത്തല്‍ തുടങ്ങിയവയില്‍ വിദഗ്ധര്‍ ബോധവത്കരണ ക്ലാസുകള്‍ നയിച്ചു.

ലൈഫ് മിഷന്റെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങളാണ് തുടരുന്നത്. 3769 ഭൂരഹിത ഗുണഭോക്താക്കള്‍ക്ക് ത്രിതലപഞ്ചായത്ത് വിഹിതം വിനിയോഗിച്ച് ഭൂമി വാങ്ങി നല്‍കിയിട്ടുണ്ട്. ഇതില്‍ 161 പേര്‍ക്ക് ജില്ലാ പഞ്ചായത്ത് വിഹിതം മാത്രം ഉപയോഗിച്ചാണ് ആനുകൂല്യം നല്‍കിയത്.

മൂന്നാംഘട്ടത്തില്‍ 2853 ഗുണഭോക്താക്കള്‍ ഭവനനിര്‍മ്മാണം പൂര്‍ത്തീകരിച്ചു. 1443 ഭവനങ്ങളുടെ നിര്‍മ്മാണം തുടരുന്നു. പട്ടികജാതി, പട്ടികവര്‍ഗ, ഫിഷറീസ് ഗ്രൂപ്പുകളില്‍ നിന്നുള്ള അധിക ഗുണഭോക്തൃ പട്ടിക പ്രകാരം അര്‍ഹത നേടിയ 915 പേര്‍ക്കും ഭവന നിര്‍മ്മാണം പൂര്‍ത്തിയായി.

ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്നതിന് പുനലൂര്‍ നഗരസഭയിലെ വാളക്കോട്, അഞ്ചല്‍- തഴമേല്‍ എന്നിവിടങ്ങളില്‍ ഭവനസമുച്ചയങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. വാളക്കോട് 95% പ്രവര്‍ത്തികളും പൂര്‍ത്തിയായി. സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പദ്ധതിയില്‍ കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് 37 ഫ്‌ളാറ്റ് യൂണിറ്റുകള്‍ നിര്‍മ്മിക്കുന്നതിന് അനുമതിയായിട്ടുണ്ട്. ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിനായി ആരംഭിച്ച ‘മനസ്സോടിത്തിരി മണ്ണ്' ക്യാമ്പയിന്റെ ഭാഗമായും ജില്ലയില്‍ 135 സെന്റ് സ്ഥലം ലഭ്യമായിട്ടുണ്ട്.

ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍ എസ്. കല്ലേലിഭാഗം മുഖ്യപ്രഭാഷണം നടത്തി. വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ അധ്യക്ഷരായ ഡോ. പി.കെ ഗോപന്‍, വസന്ത രമേശ്, ജെ. നജീബത്ത്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, പ്രൊജക്റ്റ് ഡയറക്ടര്‍ ടി.കെ സയൂജ, ലൈഫ് മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ബി. ശ്രീബാഷ്, ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.