36 കുടുംബങ്ങള്‍ക്ക് വീട് അറ്റകുറ്റപണിയ്ക്കായി ഒരു ലക്ഷം രൂപ

post

മികച്ച നേട്ടവുമായി അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത്

തൃശ്ശൂര്‍: അടച്ചുറപ്പുള്ളൊരു വീട് എന്ന സ്വപ്നവുമായി കഴിയുന്ന 36 കുടുംബങ്ങള്‍ക്ക് ആശ്വാസവുമായി അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത്. ആറാം വാര്‍ഡില്‍ പെരിങ്ങല്‍കൂത്ത് ഡാമിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 1949 ല്‍ കുടിയേറിപാര്‍ത്ത കുടുംബങ്ങള്‍ക്കാണ് പഞ്ചായത്ത് പ്ലാന്‍ ഫണ്ടിലും ആശ്രയ പദ്ധതിയിലും ഉള്‍പ്പെടുത്തി വീട് അറ്റകുറ്റപണികള്‍ക്ക് ഒരു ലക്ഷം രൂപ അനുവദിച്ചത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ തുക ഇതിനായി അനുവദിച്ച പഞ്ചായത്ത് എന്ന റെക്കോര്‍ഡ് ഇനി അതിരപ്പിള്ളി ഗ്രാമ പഞ്ചായത്തിന് സ്വന്തം. 

സ്വന്തമായി ഭൂമി ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളൊന്നും തന്നെ ഈ കുടുംബങ്ങള്‍ക്ക് കിട്ടിയിരുന്നില്ല. കാട്ടാനയും മറ്റും വരുന്ന പ്രദേശത്ത് അടച്ചുറപ്പുള്ളൊരു വീട് എന്ന സ്വപ്നമാണ് ഇതോടെ പൂവണിയുന്നത്. വര്‍ഷങ്ങളായി തുടരുന്ന പട്ടയം എന്ന പ്രശ്‌നത്തിനും പരിഹാരം കാണുക എന്ന തീരുമാനവുമായാണ് പഞ്ചായത്ത് ഭരണ സമിതി മുന്നോട്ട് പോകുന്നതെന്ന് പ്രസിഡന്റ് തങ്കമ്മ വര്‍ഗീസ് പറഞ്ഞു. ഒരു ലക്ഷത്തിന് ഒരു വീട് എന്ന സഹായത്താല്‍ പുതിയൊരു ജീവിതം കരുപ്പിടിപ്പിക്കുകയാണ് പുളിയിലപാറയിലെ കുടിയേറിപാര്‍ത്ത 36 കുടുംബങ്ങള്‍.