കാട്ടാക്കട ഇനി സമ്പൂര്‍ണ മാലിന്യ മുക്ത മണ്ഡലം

post

കാട്ടാക്കടയെ സമ്പൂര്‍ണ മാലിന്യ മുക്ത നിയോജക മണ്ഡലമായി ജോണ്‍ ബ്രിട്ടാസ് എം. പി. പ്രഖ്യാപിച്ചു. മണ്ഡലത്തില്‍ കഴിഞ്ഞ ഒരു മാസം നടപ്പിലാക്കിയ 'മാലിന്യമുക്തം എന്റെ കാട്ടാക്കട' ക്യാപെയിന്റെ ഭാഗമായാണ് പ്രഖ്യാപനം നടത്തിയത്. മാലിന്യമുക്ത ക്യാപെയിനില്‍ മികച്ച പ്രവര്‍ത്തനം നടത്തി ഒന്നാം സ്ഥാനം നേടിയ വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്തിന് എം.പി പുരസ്‌കാരം നല്‍കി. ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ മുഴുവന്‍ ഹരിത കര്‍മ്മസേന അംഗങ്ങളേയും ചടങ്ങില്‍ ആദരിച്ചു. ശേഖരിച്ച മാലിന്യങ്ങള്‍ക്കുള്ള പ്രതിഫലമായി ക്ലീന്‍ കേരള കമ്പനിയുടെ ക്യാഷ് ചെക്ക് ഐ ബി സതീഷ് എം.എല്‍.എ ഏറ്റുവാങ്ങി. മാലിന്യ ശേഖരണത്തിനായി ആറ് ഗ്രാമപഞ്ചായത്തുകളിലെയും ഹരിതകര്‍മ്മസേനകള്‍ക്ക് ഇലക്ട്രിക് വാഹനങ്ങളും കൈമാറി.

ക്യാപെയിനിലൂടെ മണ്ഡലത്തില്‍ 72 ടണ്‍ മാലിന്യം നീക്കം ചെയ്തു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, ഹരിത കേരള മിഷന്‍, ക്ലീന്‍ കേരള കമ്പനി, ശുചിത്വ മിഷന്‍, കുടുംബശ്രീ മിഷന്‍, ഹരിത കര്‍മ്മ സേന എന്നിവരുടെ സഹകരണത്തോടെ ബഹുജന പങ്കാളിത്തം ഉറപ്പാക്കിയാണ് ശുചീകരണ യജ്ഞം നടത്തിയത്. റെസിഡന്റ്‌സ് അസോസിയേഷന്‍ തലത്തിലും വാര്‍ഡ് തലത്തിലും ശേഖരിച്ച വസ്തുക്കള്‍ ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ കളക്ഷന്‍ കേന്ദ്രത്തില്‍ എത്തിച്ചു. ഉപയോഗ ശൂന്യമായ ചെരിപ്പ്, ബാഗ്, തുണി, ഗ്ലാസ്, ഇ-വേസ്റ്റ്, ബള്‍ബ്, ട്യൂബ് ലൈറ്റ് എന്നിവ സ്‌പെഷ്യല്‍ ഡ്രൈവിലൂടെ ശേഖരിച്ച് നിശ്ചിത കേന്ദ്രത്തിലെത്തിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറിയിരുന്നു. ഇനിമുതല്‍ അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനും തരംതിരിക്കുന്നതിനും നീക്കം ചെയ്യുന്നതിനും കൃത്യമായ കലണ്ടര്‍ തയ്യാറാക്കി പ്രവര്‍ത്തനങ്ങള്‍ നടത്തും