എന്റെ ഭൂമി' ഡിജിറ്റല്‍ റീസര്‍വേയ്ക്ക് തുടക്കമായി

post

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യസാക്ഷാത്ക്കാരത്തിനായി കൊല്ലം ജില്ലയില്‍ 'എന്റെ ഭൂമി' ഡിജിറ്റല്‍ റീസര്‍വേയ്ക്ക് തുടക്കമായി. പുനലൂര്‍ നഗരസഭ സാംസ്‌കാരിക നിലയത്തില്‍ പി. എസ് സുപാല്‍ എം. എല്‍. എ ഉദ്ഘാടനം നിര്‍വഹിച്ചു.

റവന്യൂ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായുള്ള ഡിജിറ്റല്‍ റീസര്‍വേ ജനകീയ പങ്കാളിത്തത്തോടെയാണ് നടത്തുകയെന്ന് എം.എല്‍.എ പറഞ്ഞു. വരുന്ന നാല് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ വില്ലേജുകളിലും റീസര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടമായി ജില്ലയിലെ 12 വില്ലേജുകളില്‍ ഉള്‍പ്പെടെ സംസ്ഥാനമൊട്ടാകെ 200 വില്ലേജുകളിലാണ് ഡിജിറ്റല്‍ റീസര്‍വേ നടത്തുന്നത്. റീസര്‍വേ രംഗത്ത് വിപ്ലവകരമായ മാറ്റത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് സംസ്ഥാനത്തെ മുഴുവന്‍ വില്ലേജുകളിലേയും റീസര്‍വേ നടത്തുന്നത്. 858.42 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി 1500 സര്‍വേയര്‍ 3200 ഹെല്‍പ്പര്‍മാര്‍ എന്നിവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. എന്റെ ഭൂമി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന ജനങ്ങള്‍ക്ക് റീസര്‍വേ വിവരങ്ങള്‍ പരിശോധിക്കാം.