എന്റെ ഭൂമി ഡിജിറ്റൽ റീസർവേ: ജില്ലാതല ഉദ്ഘാടനം

post

എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന എന്റെ ഭൂമി ഡിജിറ്റൽ സർവേയുടെ ജില്ലാതല ഉദ്ഘാടനം അഡ്വ. അനൂപ് ജേക്കബ് എം. എൽ.എ നിർവഹിച്ചു. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഡിജിറ്റൽ സർവേ പൂർത്തീകരിക്കുന്നത് ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടുമെന്ന് എം.എൽ.എ പറഞ്ഞു. ജില്ലയിൽ ആദ്യ ഘട്ട റീസർവേയിൽ കണയന്നൂർ, മൂവാറ്റുപുഴ, കോതമംഗലം, കൊച്ചി താലുക്കുകളിൽ നിന്നായി 13 വില്ലേജുകളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഡിജിറ്റൽ സർവേയിലൂടെ കൃത്യമായ സർവെ റിക്കാർഡുകൾ തയ്യാറാക്കാൻ സാധിക്കും. ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകളും നൂതന സർവേ ഉപകരണങ്ങളും ഉപയോഗിച്ചുകൊണ്ട് പൊതുജനങ്ങളുടെ സഹകരണത്തോടെ സംസ്ഥാനത്തെ മുഴുവൻ വില്ലേജുകളിലും ഡിജിറ്റൽ സർവ്വെ ആരംഭിച്ച് സമയബന്ധിതമായി പൂർത്തിയാക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഭൂവുടമകൾക്ക് സ്വന്തം ഭൂമിയുടെ കൃത്യമായ രേഖകൾ ലഭിക്കുന്നതോടൊപ്പം കേരളത്തിന്റെ ഭാവി വികസന പദ്ധതികൾക്ക് പ്രയോജനപ്പെടുന്ന ഭൂമിയുടെ ആധികാരിക രേഖ ഡിജിറ്റൽ സർവേയിലൂടെ ലഭ്യമാകും. നാലുവർഷംകൊണ്ട് കേരളത്തെ ഏറ്റവും ശാസ്ത്രീയമായ രീതിയിൽ സർവേ ചെയ്തു കൃത്യമായി റെക്കോർഡുകൾ തയ്യാറാക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്.