ലഹരിയില്‍ നിന്ന് ഭാവിതലമുറയെ രക്ഷിക്കാന്‍ കൂട്ടായ പരിശ്രമം വേണം

post

കാമാക്ഷി പഞ്ചായത്തില്‍ ലഹരിവിരുദ്ധ മനുഷ്യ മഹാശൃംഖല സംഘടിപ്പിച്ചു

5000 ഓളം പേര്‍ ശൃംഖലയില്‍ പങ്കെടുത്തു


ലഹരിയുടെ പിടിയില്‍ അകപ്പെട്ടാല്‍ തിരിച്ചു വരവ് ബുദ്ധിമുട്ടാണെന്നും ഈ മാരക വിപത്തില്‍ നിന്ന് ഭാവിതലമുറയെ രക്ഷിക്കാന്‍ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. സംസ്ഥാനസര്‍ക്കാര്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ കര്‍മ്മ പരിപാടിയുടെ സമാപനത്തിന്റെ ഭാഗമായി കാമാക്ഷി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കേരളപ്പിറവി ദിനത്തില്‍ സംഘടിപ്പിച്ച മനുഷ്യമഹാശൃംഖലയില്‍ അണിചേര്‍ന്ന ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാമാക്ഷി മുതല്‍ തങ്കമണി യൂണിയന്‍ ബാങ്ക് ജംഗ്ഷന്‍ വരെയുള്ള നാല് കിലോമീറ്റര്‍ നീളത്തില്‍ സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖല പൊതുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പൊതുജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, എന്‍.സി.സി, സ്‌കൗട്ട്, എസ്.പി.സി. കേഡറ്റുകള്‍, എന്‍.എസ്.എസ്. അംഗങ്ങള്‍, പഞ്ചായത്ത്, വില്ലേജ് ഓഫീസ്, കെ.എസ്എഫ്.ഇ, സഹകരണ ബാങ്ക് ജീവനക്കാര്‍ പൊതുപ്രവര്‍ത്തകര്‍, യുവജനങ്ങള്‍, കര്‍ഷകര്‍, സ്ത്രീകള്‍, കുടംബശീ പ്രവര്‍ത്തകര്‍, ഹരിത കര്‍മസേന, ഓട്ടോ തൊഴിലാളികള്‍, സി.ഡി.എസ് അംഗങ്ങള്‍, ഹോമിയോ, ആയുര്‍വേദ, വെറ്ററിനറി ആശുപത്രി ജീവനക്കാര്‍, വ്യാപാരികള്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ എന്നിവരടക്കം 5000 ഓളം പേര്‍ ശൃംഖലയില്‍ പങ്കെടുത്തു.

പാണ്ടിപ്പാറ സെന്റ് ജോസഫ്, തങ്കമണി സെന്റ് തോമസ്, ഉദയഗിരി സെന്റ് മേരീസ്, തങ്കമണി ഗവ.എച്ച്.എസ്.എസ്, പാറക്കടവ് സരസ്വതി വിദ്യാനികേതന്‍, കാല്‍വരിമൗണ്ട് കാല്‍വരി എച്ച്. എസ്.എസ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ മനുഷ്യമഹാശൃംഖലയില്‍ അണിചേര്‍ന്നു. മനുഷ്യ ശൃംഖലയെ തുടര്‍ന്ന് നടന്ന ലഹരി വിരുദ്ധ പൊതുസമ്മേളനത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.