മുരിങ്ങയില ഉൽപ്പന്നങ്ങൾ കടൽ കടക്കും: വിദേശ വിപണിയിലേയ്ക്ക് ഒല്ലൂർ കൃഷി സമൃദ്ധി
 
                                                ഒല്ലൂർ കൃഷി സമൃദ്ധി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ മുരങ്ങയിലയിൽ തയ്യാറാക്കിയ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ കേരള പിറവി ദിനത്തിൽ കടൽ കടക്കും. മുരിങ്ങയിലയിൽ നിന്നുള്ള മൂന്ന് ഉൽപന്നങ്ങളായ മുരിങ്ങ പൗഡർ, മുരിങ്ങ റൈസ് പൗഡർ, മുരിങ്ങ സൂപ്പ് പൗഡർ എന്നിവയാണ് ഒല്ലൂർ കൃഷി സമൃദ്ധിയുടെ ബ്രാൻഡിൽ തയ്യാറാക്കി വിദേശത്തേക്ക് കയറ്റി അയക്കുന്നത്. പ്രൊഡക്ട് ലോഞ്ച്, കൃഷിദർശൻ പരിപാടിയിൽ കൃഷിമന്ത്രി പി പ്രസാദ്, റവന്യൂ മന്ത്രി കെ രാജൻ എന്നിവർ ചേർന്ന് നിർവഹിച്ചു
നാച്യുർപ്രോ ഫുഡ് സ്റ്റഫ് ട്രെഡിങ് കമ്പനിയാണ് ഉൽപ്പന്നങ്ങൾ യു എ ഇ മാർക്കറ്റിൽ മൂന്ന് മാസം വിപണനം ചെയ്യുക. കുടുംബശ്രീ സംരംഭങ്ങളുടെയും ഒല്ലൂർ കൃഷി സമൃദ്ധി കർഷക സംഘ ഗ്രൂപ്പുകളുടെയും സഹകരണത്തോടെയാണ് ഉൽപന്നങ്ങൾ തയ്യാറാക്കുന്നത്. ഒല്ലൂർ നിയോജക മണ്ഡലത്തിലെ പാണഞ്ചേരി, പുത്തൂർ, നടത്തറ, മാടക്കത്തറ പഞ്ചായത്തുകളിൽ കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകൾ വഴി 10,000 മുരിങ്ങ തൈകൾ വിതരണം ചെയ്തിരുന്നു.
ജെ എൽ ജി ഗ്രൂപ്പുകളും മറ്റ് കർഷകരും നട്ടുവളർത്തിയ മുരിങ്ങയില കിലോയ്ക്ക് 30 രൂപ നൽകിയാണ് സംഭരിക്കുന്നത്. മുരിങ്ങകൃഷിയുടെ മൂല്യവർധന രീതികളെക്കുറിച്ച് കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞർ വഴിയാണ് പരിശീലനം നൽകിയത്. മരോട്ടിച്ചാൽ അമൃത കിരണം സ്വയം സഹായ സംഘം വഴിയാണ് മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്നത്. ഇതിന് പുറമെ മുരിങ്ങയില ഉപയോഗിച്ച് രസം പൗഡർ, ചമ്മന്തിപ്പൊടി, ചൂർണം, പായസം മിക്‌സ് എന്നിവയും വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ തയ്യാറാക്കുന്നുണ്ട്.










