പിന്നാക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത് മികച്ച പിന്തുണ: മന്ത്രി എ.കെ.ബാലന്‍

post

തിരുവനന്തപുരം : പിന്നാക്ക വിഭാഗങ്ങള്‍ക്ക് എക്കാലത്തെയും മികച്ച പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് പിന്നാക്ക ക്ഷേമ് മന്ത്രി എ.കെ.ബാലന്‍. അവരുടെ ഉന്നമനത്തിനു പ്രത്യേകം പദ്ധതികള്‍ സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുണ്ട്. അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച കുന്നത്തുകാല്‍ ഗ്രാമ പഞ്ചായത്തിലെ വേങ്കവിള കുട്ടത്തിവിള നക്കോട്ടുകോണം കോളനികളുടെ പൂര്‍ത്തീകരണ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നാക്ക വിഭാഗം നിരവധി വെല്ലുവിളിയാണ് നേരിടുന്നത്.  സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ എത്തിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. പാറശ്ശാല എം.എല്‍.എ സി.കെ.ഹരീന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തിരുവനന്തപുരം ജില്ല പട്ടികജാതി വികസന ഓഫീസര്‍ എസ്. രാജേഷ് സ്വാഗതം ആശംസിച്ചു. ജില്ലാ നിര്‍മ്മിതി കേന്ദ്രം പ്രൊജക്റ്റ് മാനേജര്‍ എ.വി.സിജു പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പാറശ്ശാല നിയോജക മണ്ഡലത്തില്‍ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദ്യഘട്ടത്തില്‍  നാല് കോളനികളുടെ പുനരുദ്ധാരണത്തിനായാണ് ഫണ്ട് അനുവദിച്ചത്. അതില്‍ വേങ്കവിളകുട്ടത്തിവിള നാക്കോട്ടുകോണം കോളനികളില്‍ 898 മീറ്റര്‍ നീളത്തില്‍ റോഡ്, കുടിവെള്ള സംഭരണി, ഒന്‍പത് വീടുകള്‍ക്ക് മെയിന്റനന്‍സ്  എന്നിവയാണ് പ്രധാനമായും ചെയ്ത പ്രവര്‍ത്തികള്‍. കൂടാതെ പ്ലേ ഗ്രൗണ്ട് നവീകരണം, ഹൈ മാസ്റ്റ് ലൈറ്റ്, സൈഡ് വാള്‍, റീറ്റെയ്‌നിങ് വാള്‍ എന്നിവയും പൂര്‍ത്തീകരിച്ചു.
പഞ്ചായത്ത് ഭരണകൂടം പട്ടികജാതിപട്ടികവര്‍ഗ്ഗ വകുപ്പുതല ഉദ്യോഗസ്ഥര്‍ ,ജില്ലാ നിര്‍മിതി കേന്ദ്രം ഉദ്യോഗസ്ഥര്‍,  കോളനിവാസികള്‍ എന്നിവരുടെ സഹകരണവും ഒത്തൊരുമയും അര്‍പ്പണമനോഭാവവും സമയബന്ധിതമായി ഈ പദ്ധതി പൂര്‍ത്തീകരിക്കുവാന്‍ സഹായകരമായി. ചടങ്ങില്‍ വാത്സല്യനിധി സാക്ഷ്യപത്ര വിതരണവും മന്ത്രി നിര്‍വ്വഹിച്ചു. സാമൂഹികസാംസ്‌കാരിക മണ്ഡലത്തിലെ പ്രമുഖര്‍ പങ്കെടുത്ത യോഗത്തില്‍ പെരുങ്കടവിള ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ ആര്‍. സത്യന്‍ കൃതജ്ഞത രേഖപ്പെടുത്തി.