സൗജന്യ ദന്തപരിശോധനാ ക്യാമ്പും ക്യാന്‍സര്‍ സ്ക്രീനിങ്ങും നടത്തി

പത്തനംതിട്ട : സംസ്ഥാന ലഹരി വര്‍ജ്ജന മിഷന് ''വിമുക്തി'' യുടെ ആഭിമുഖ്യത്തില്‍ ലഹരിമുക്ത കേരളം എന്ന ലക്ഷ്യം സാധ്യമാക്കുന്നതിന് വിപുലമായ പദ്ധതികള്‍ നടപ്പാക്കുന്നതോടനുബന്ധിച്ച് ''നാളത്തെ കേരളം ലഹരിമുക്ത നവകേരളം'' എന്ന പേരിലുള്ള 90ദിന തീവ്രയത്ന ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി തിരുവല്ലയില്‍ ''സൗജന്യ ദന്ത പരിശോധനാ ക്യാമ്പും ക്യാന്‍സര്‍ സ്ക്രീനിങ്ങും'' സംഘടിപ്പിച്ചു. തിരുവല്ല പുഷ്പഗിരി കോളേജ് ഓഫ് ഡെന്റല്‍ സയന്‍സിന്റെ സഹകരണത്തോടെ നടത്തിയ പരിപാടി തിരുവല്ല സബ് ജഡ്ജ് കെ.പി. പ്രദീപ് ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷന്‍ ചെറിയാന് പോളച്ചിറയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. തിരുവല്ല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. സജീവ്, പുഷ്പഗിരി ഡെന്റല്‍ കോളജ് പ്രൊഫസര്‍ ഡോക്ടര്‍ എസ്. സുനില്‍, ഡോക്ടര്‍ ഷാര്‍ലീന്‍ സാറ തോമസ്, എക്സൈസ് പ്രിവന്റിവ് ഓഫീസര്‍ ജെ. താജുദീന്, ഷാബു തോമസ് എന്നിവര്‍ പ്രസംഗിച്ചു.
വിമുക്തിയുടെ ആഭിമുഖ്യത്തില്‍ മദ്യം, മയക്കുമരുന്ന്, പുകയില എന്നിവയുടെ ഉപഭോഗത്തിനെതിരെ വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുവാനും നിയമ വിരുദ്ധ ലഹരി വസ്തുക്കളുടെ ശേഖരണം, കടത്തല്‍ എന്നിവയുടെ ഉറവിടം കണ്ടെത്തി അവ ഇല്ലായ്മ ചെയ്യുന്നതിനായി ബഹുജന പങ്കാളിത്തത്തോടുകൂടിയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ലൈബ്രറി കൗണ്‍സില്‍, കുടുംബശ്രീ, ആശാ വര്‍ക്കര്‍മാര്‍, സ്പോര്‍ട്സ് കൗണ്‍സില്‍, റസിഡന്റ് അസോസിയേഷന്, മറ്റ് സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ വിവിധ ബോധവല്‍ക്കരണ പദ്ധതികളും നടപ്പാക്കി വരുന്നുണ്ട്.