അതിരപ്പിള്ളി പണ്ടാരംപാറയിൽ മോക്ക്ഡ്രിൽ സംഘടിപ്പിച്ചു

മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങി ദുരന്തങ്ങളിലെ രക്ഷാപ്രവർത്തനം എപ്രകാരമായിരിക്കണമെന്ന് മോക്ക്ഡ്രില്ലിലൂടെ അവതരിപ്പിച്ച് തൃശൂർ റൂറൽ പൊലീസും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും. അതിരപ്പിള്ളി പഞ്ചായത്തിലെ ഒന്നാം വാർഡിൽ പണ്ടാരംപാറയിലാണ് മോക്ക്ഡ്രിൽ സഘടിപ്പിച്ചത്. ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ പ്രദേശത്ത് നിന്ന് ആളുകളെ രക്ഷപ്പെടുത്തുന്നതും മാറ്റി പാർപ്പിക്കുന്നതുമായിരുന്നു മോക്ക്ഡ്രില്ലിന്റെ ആദ്യ ഭാഗം.
പൊലീസ്, ഫയർ ആൻഡ് റെസ്‌ക്യൂ, പ്രദേശവാസികൾ എന്നിവർ ചേർന്ന് അപകടത്തിൽപ്പെട്ടവരെ പുറത്ത് എത്തിക്കുന്നത് വിശദീകരിച്ചു. ഉരുൾപൊട്ടലിൽ പുഴയിലും ചെളിയിലും കുടുങ്ങിയവരെ രക്ഷാപ്രവർത്തനത്തിലൂടെ പുറത്ത് എടുക്കുന്നത് വിശദീകരിക്കുന്നതായിരുന്നു രണ്ടാംഘട്ടം.
സൈറണിട്ട് നിരവധി ആംബുലൻസുകളും പണ്ടാരംപാറയിലേയ്ക്ക് എത്തി. മെഡിക്കൽ ടീം പ്രാഥമിക ശുശ്രൂഷ നൽകി സ്‌ട്രെച്ചറിൽ കിടത്തി ആംബുലൻസിൽ ഓരോരുത്തരെയായി ആശുപത്രികളിലേയ്ക്ക് കൊണ്ടുപോയി. പൊലീസും അഗ്നിശമനസേനയും ആളുകളെയും വാഹനങ്ങളെയും സ്ഥലത്തു നിന്നും മാറ്റി. അപകടത്തിൽപെട്ടവരെ പുറത്ത് എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ ടീം അംഗങ്ങൾ വിശദീകരിച്ചു. മണ്ണിടിച്ചിൽ ഉണ്ടായ ഇടങ്ങളിൽ മരങ്ങൾ മുറിച്ചുമാറ്റി രക്ഷാപ്രവർത്തനം നടത്തുന്ന രീതി എൻഡിആർഎഫ് മോക്ക്ഡ്രില്ലിലൂടെ അവതരിപ്പിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ എത്തിച്ചു. പ്രദേശവാസികളെ ക്യാമ്പുകളിലേയ്ക്കും സുരക്ഷിത ഇടങ്ങളിലേയ്ക്കും മാറ്റി.
2018ൽ ഉരുൾപൊട്ടൽ ഉണ്ടാവുകയും ഒരാൾ മരണപ്പെടുകയും ചെയ്ത പ്രദേശമാണ് പണ്ടാരംപാറ. പ്രദേശവാസികൾക്ക് രക്ഷാപ്രവർത്തനത്തെ കുറിച്ച് അവബോധം നൽകലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ എല്ലാ വകുപ്പുകളുടെയും സഹായത്തോടെ സമയബന്ധിതമായി എപ്രകാരം പൂർത്തീകരിക്കാനാകുമെന്നും കാണിക്കുകയായിരുന്നു മോക്ക്ഡ്രില്ലിലൂടെ ഉദ്ദേശിച്ചത്.