വീട്ടിലൊരു കുടുംബശ്രീ ഉല്‍പ്പന്നം' : ക്യാമ്പയിന്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തു

post

തൃശൂര്‍:  മാര്‍ച്ച് 15ന് ആരംഭിക്കുന്ന 'വീട്ടിലൊരു കുടുംബശ്രീ ഉല്‍പ്പന്നം' ക്യാമ്പയിന്റെ പ്രോഗ്രാം പോസ്റ്റര്‍ പ്രകാശനം ചെയ്തു. കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതും ഉല്‍പ്പന്നങ്ങള്‍ക്ക് സ്ഥിര വിപണി ഉറപ്പുവരുത്തുന്നതും ലക്ഷ്യമിട്ട് നടത്തുന്നതാണ് ക്യാമ്പയിന്‍. ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് തൃശൂര്‍ പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ ജോയ് ജോണിന് പോസ്റ്റര്‍ നല്‍കിയാണ് പ്രകാശനം ചെയ്തത്. കുടുംബശ്രീയുടെ ഭാഗമായി ആദ്യമായാണ് ഒരു മാര്‍ക്കറ്റിങ് ക്യാമ്പയിന്‍ നടക്കുന്നത്. ഇതിലൂടെ രണ്ട് കോടിയുടെ കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ വീട് വീടാന്തരം വില്‍പ്പന നടത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. അതോടൊപ്പം സ്ഥിര വിപണി ഉറപ്പ് വരുത്താന്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ബേക്കറികള്‍, ചെറിയ കടകള്‍ എന്നിവിടങ്ങളില്‍ കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ക്ക് നാനോ മാര്‍ക്കറ്റുകള്‍ മാര്‍ച്ച് 16ന് ആരംഭിക്കും.
അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി മാര്‍ച്ച് ഒന്നുമുതല്‍ ഏഴു വരെ വിവിധ പരിപാടികള്‍ക്ക് കുടുംബശ്രീ ആഹ്വാനം ചെയ്തിട്ടുണ്ട്. വനിതാ ദിന സന്ദേശം ചര്‍ച്ച ചെയ്യുന്നതിന് മാര്‍ച്ച് 7ന് രാത്രി 7 മുതല്‍ 10 വരെ പ്രത്യേക രാത്രികാല അയല്‍ക്കൂട്ട യോഗങ്ങള്‍ ചേരുന്നുണ്ട്. വനിതാ ദിനാഘോഷത്തിന്റെ പ്രചരണാര്‍ത്ഥം കുടുംബശ്രീ പുറത്തിറക്കിയ പോസ്റ്റര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിര്‍വ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദീപ എസ്. നായര്‍ പോസ്റ്റര്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍, അംഗങ്ങള്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, മിഷന്‍ കോഓര്‍ഡിനേറ്റര്‍ കെ. വി ജ്യോതിഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.