മൂന്നാറിൽ സ്ട്രോബറി വസന്തം വരവേൽക്കാം

മൂന്നാർ മലനിരകളിൽ നീലക്കുറിഞ്ഞിക്കു ശേഷം സ്ട്രോബറിയും പുതിയ വർണ്ണവസന്തമൊരുക്കുകയാണ്. മൂന്നാറിലെ സമശീതോഷ്ണ കാലാവസ്ഥ സ്ട്രോബറി കൃഷിക്ക് അനുയോജ്യമാണ്. കാന്തല്ലൂർ, വട്ടവട പഞ്ചായത്തുകളിലാണ് സ്ട്രോബറി കൃഷിക്ക് ഇപ്പോൾ തുടക്കമായിരിക്കുന്നത്. സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ സംയോജിത ഹോർട്ടികൾച്ചർ വികസന മിഷൻ പദ്ധതിയുടെ സാമ്പത്തിക സഹായത്തോടെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മുഖാന്തിരമാണ് പദ്ധതി നടപ്പിലാക്കുന്നത്.
നിലമൊരുക്കി ബെഡുകളെടുത്ത് ഇതിൽ വിദേശയിനം നടീൽ വസ്തുക്കൾ ഉപയോഗിച്ചാണ് കൃഷി. കള നിയന്ത്രണത്തിനായി പ്ലാസ്റ്റിക് പുതയും നല്കുന്നു. ഇപ്പോൾ 25 ഹെക്ടറിലധികം സ്ഥലത്ത് സ്ട്രോബറി കൃഷി കാന്തല്ലൂർ, വട്ടവട പഞ്ചായത്തുകളിലായി തുടങ്ങിയിട്ടുണ്ട്. ഇതോടൊപ്പം 6 ഹെക്ടറിലധികം സ്ഥലത്ത് കൃത്യതാ കൃഷി രീതികളനുവർത്തിച്ചും കൃഷി ആരംഭിച്ചിട്ടുണ്ട്. പുതിയതായി ധാരാളം കൃഷിക്കാർ സ്ട്രോബറി കൃഷിയുടെ സാധ്യതകളറിഞ്ഞ് ഈ രംഗത്തേയ്ക്ക് കടന്നുവരുന്നുണ്ട്.
മൂന്നാറിലെ അനുകൂല സാഹചര്യങ്ങൾ കണ്ടറിഞ്ഞ് കൃഷിയിൽ മുതൽ മുടക്കാൻ ജില്ലയ്ക്ക് പുറത്തുനിന്നുമുള്ള സംരംഭകരും വരുന്നുണ്ട്. ഇത് ധാരാളം മുതൽ മുടക്ക് ആവശ്യമായ ഈ കൃഷിയ്ക്ക് കൂടുതൽ ഉണർവ് നല്കുമെന്ന പ്രതീക്ഷയും ജില്ലാ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പങ്കുവച്ചു. പ്ലാസ്റ്റിക് പുത നല്കുന്നതിലൂടെയും കൃത്യതാ കൃഷിയിലൂടെയും കൂടുതൽ ഗുണമേന്മ നൽകുന്ന നടീൽ വസ്തുക്കൽ ഉപയോഗിക്കുന്നതുകൊണ്ടും ഗുണമേന്മയുള്ള പഴങ്ങൾ ലഭിക്കുമെന്നത്, പ്രോസസ്സിംഗ് രംഗത്തേയ്ക്കും ചുവടുവയ്ക്കുന്നതിന് നിക്ഷേപകർക്ക് ആത്മവിശ്വാസം നല്കും.