ആധുനിക കേരളീയ സമൂഹത്തിന്റെ നിര്‍മിതിയില്‍ പൊതുവിദ്യാലയങ്ങളുടെ പങ്ക് നിസ്തുലം

post

ആധുനിക കേരളീയ സമൂഹത്തിന്റെ നിര്‍മിതിയില്‍ പൊതുവിദ്യാലയങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഗവ.യു.പി.സ്‌കൂള്‍ കോളിയടുക്കത്ത് നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ സുവര്‍ണജൂബിലി ആഘോഷത്തിനും മന്ത്രി തുടക്കം കുറിച്ചു.

പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കുന്നത് വിദ്യാഭ്യാസത്തെ മാത്രമല്ല മതനിരപേക്ഷമായ സമൂഹത്തെ കൂടിയാണ്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ വിദ്യാലയങ്ങളില്‍ ചിന്തിക്കാന്‍ കഴിയാത്ത പുരോഗതി കൈവരിക്കാന്‍ സര്‍ക്കാറിനായെന്നും അദ്ദേഹം പറഞ്ഞു.

സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി.  വിദ്യാകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിഫ്ബി ഫണ്ട് ഒരു കോടി രൂപ ചെലവഴിച്ചാണ് കോളിയടുക്കം സ്‌കൂളിന് ഇരുനില കെട്ടിടം നിര്‍മിച്ചത്. ഇരുനിലകളിലും 4 ക്ലാസ് മുറികള്‍ വീതമാണ് ഒരുക്കിയിട്ടുള്ളത്. 2021 സെപ്റ്റംബര്‍ ഏഴിനാണ് നിര്‍മാണ പ്രവര്‍ത്തി ആരംഭിച്ചത്.