അധിനിക അടുക്കളയും , ഷട്ടിൽ കോർട്ടും : കൂടുതൽ സൗകര്യങ്ങളുമായി പേരൂർ സ്കൂൾ

post

കാലാനുസൃതമായ മാറ്റങ്ങളിലൂടെ പൊതുവിദ്യാലയങ്ങളുടെ മികവ് കൂടുതല്‍ മെച്ചപ്പെടുത്തുകയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. പേരൂര്‍ മീനാക്ഷിവിലാസം സര്‍ക്കാര്‍ വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആധുനിക അടുക്കള, ഡൈനിംഗ് ഹാള്‍, ഷട്ടില്‍ കോര്‍ട്ട്, സൈക്കിള്‍ പാര്‍ക്കിംഗ് ഷെഡ് എന്നിവ ഉള്‍പ്പടെ ആധുനിക സജ്ജീകരണങ്ങളോടു കൂടിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ സംസ്ഥാനം ഏറെ മുന്നിലാണ്. മികച്ച ഭൗതിക സാഹചര്യങ്ങളും പഠന രീതിയിലെ നൂതന മാറ്റവും പൊതുവിദ്യാലയങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിച്ച് കൂടുതല്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്ന നിലയിലേക്ക് വളര്‍ന്നിട്ടുണ്ട്.

ലഹരിയുടെ പിടിയിലേക്ക് വിദ്യാര്‍ഥികളും പൊതുസമൂഹവും വീഴരുത് എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ലഹരി വിമുക്തി പ്രചാരണം ശക്തമായി തുടരുകയാണ്. നവംബര്‍ ഒന്നിന് ആദ്യഘട്ടത്തിന് സമാപനമാകും. ലഹരിക്കെതിരെയുള്ള പോരാട്ടം തുടര്‍ന്നും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.