പ്രധാന ക്യാന്‍സര്‍ കെയര്‍ യൂണിറ്റായി പുനലൂര്‍ താലൂക്ക് ആശുപത്രി മാറി: മന്ത്രി കെ രാജു

post

കൊല്ലം : ക്യാന്‍സര്‍ രോഗനിര്‍ണയവും ചികിത്സയുമൊരുക്കുന്ന കിഴക്കന്‍ മേഖലയിലെ  പ്രധാന കേന്ദ്രമായി പുനലൂര്‍ താലൂക്ക് ആശുപത്രി മാറിയെന്ന്  വനം വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു. പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ  ഉദ്ഘാടനവും ജില്ലാ ക്യാന്‍സര്‍ കെയര്‍  യൂണിറ്റിന്റെ  ശിലാസ്ഥാപനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജില്ലാ ആശുപത്രിക്ക് തുല്യമായ നിലവാരത്തിലാണ് താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം. ആര്‍ദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളെല്ലാം മികവിന്റെ കേന്ദ്രങ്ങളായി മാറിയെന്നും മന്ത്രി പറഞ്ഞു.
ജില്ലയ്ക്കായി അനുവദിച്ച ക്യാന്‍സര്‍ കെയര്‍ യൂണിറ്റാണ് 2013 ല്‍  താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. കീമോ തെറാപ്പി ഉള്‍പ്പടെയുള്ള എല്ലാ സംവിധാനങ്ങളും ഇവിടെ ലഭ്യമാണ്. നിലവില്‍ ഇരുപതിനായിരം രോഗികള്‍ ഇവിടെ ചികിത്സ തേടിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച്  നാല് കോടി രൂപ ചെലവിലാണ് പുതിയ ക്യാന്‍സര്‍ കെയര്‍ യൂണിറ്റ്  യാഥാര്‍ഥ്യമാക്കുന്നത്. ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ടെലഫോണിക്ക് കൗണ്‍സിലിംഗ്  പദ്ധതിയായ  ഹോപിന്റെ   ഉദ്ഘാടനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു.
ചടങ്ങില്‍ പുനലൂര്‍ നഗരസഭ ചെയര്‍മാന്‍  കെ രാജശേഖരന്‍ അധ്യക്ഷനായി. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ ആര്‍ ഷാഹിര്‍ഷ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സുശീല രാധാകൃഷ്ണന്‍,  നഗരസഭ ഭരണസമിതി അംഗങ്ങളായ  വി ഓമനക്കുട്ടന്‍, സാബു അലക്‌സ്, അംജിത് ബിനു, സുജാത, സുരേന്ദ്രനാഥ് തിലക് എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍  ആശുപത്രി ജീവനക്കാര്‍  തുടങ്ങിയവര്‍ പങ്കെടുത്തു.