മണ്ണെണ്ണ പെര്‍മിറ്റ്: അപേക്ഷ ഏഴിനുളളില്‍ നല്‍കണം

post

തൃശൂര്‍:  മത്സ്യബന്ധന യാനങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ മണ്ണെണ്ണ വിതരണം ചെയ്യുന്നതിന് പെര്‍മിറ്റിനുള്ള അപേക്ഷ മാര്‍ച്ച് 7ാം തിയ്യതിക്കുള്ളില്‍ അതത് മത്സ്യഭവനങ്ങളില്‍ സമര്‍പ്പിക്കണം. അഴിക്കോട് മുറക്കല്‍, അഴിക്കോട് ലൈറ്റ് ഹൗസ്, കാര ബീച്ച്, പെരിഞ്ഞനം, കുരിക്കുഴി, നാട്ടികബീച്ച്, തളിക്കുളം നമ്പിക്കടവ്, പുത്തന്‍കടപ്പുറം, ബ്ലാക്കാട് ബീച്ച്, എടക്കഴിയൂര്‍ ബീച്ച് എന്നിങ്ങനെ 10 ഫിഷ് ലാന്റിംഗ് സെന്ററുകളിലായി മാര്‍ച്ച് 15ന് രാവിലെ 8 മുതല്‍ വൈകുന്നേരം 5 മണി വരെ ഫിഷറീസ്, സിവില്‍ സപ്ലൈസ്, മത്സ്യഫെഡ് എന്നീ വകുപ്പുകള്‍ സംയുക്തമായി പരിശോധന നടത്തും. 2010 ജനുവരി ഒന്നു മുതല്‍ പ്രവര്‍ത്തിക്കുന്ന യാനങ്ങള്‍ക്ക് പരിശോധനയ്ക്കായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. പരിശോധന കഴിയുന്നത് വരെ എഞ്ചിന്‍ അതത് ഫിഷ് ലാന്റിംഗ് സെന്ററില്‍ സൂക്ഷിക്കേണ്ടതാണ്. അതത് സ്ഥലത്തെ മത്സ്യഭവന്‍ ഉദ്യോഗസ്ഥരടങ്ങുന്ന 10 അംഗ ടീം രൂപീകരിക്കണമെന്നും മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കുന്നതിന് ഫിഷിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണമെന്നും ഫിഷറീസ് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സിസ്റ്റത്തില്‍ രജിസ്‌ട്രേഷന്‍ നടത്തണമെന്നും ജില്ലാ കളക്ടര്‍ എസ്.ഷാനവാസ് വിളിച്ച് ചേര്‍ത്ത യോഗം തീരുമാനിച്ചു.
യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ എം.ബി. ഗിരീഷ്, ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി. സുഗന്ധ കുമാരി, ഫിഷറീസ് മാനേജര്‍ പി. ഗീത, ജില്ലാ സപ്ലൈ ഓഫീസര്‍ പി.അയ്യപ്പദാസ് എന്നിവര്‍ പങ്കെടുത്തു.