ഹരിതമിത്രം ആപ്പ്, മുഴുവന്‍ വീടുകളും പൂര്‍ത്തീകരിച്ച് ബേഡഡുക്ക

post

ബേഡഡുക്കയിലെ ഖരമാലിന്യ ശേഖരണം മുഴുവനായും ഇനി ഹരിതമിത്രം സ്മാര്‍ട് ഗാര്‍ബേജ് ആപ്പ് വഴി. ആപ്പിന്റെ പ്രവര്‍ത്തനത്തിന് വേണ്ടിയുള്ള ക്യു ആര്‍ കോഡ് പതിപ്പിക്കല്‍ പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും പൂര്‍ത്തിയാക്കി. ഖരമാലിന്യ ശേഖരണം പൂര്‍ണമായും ആപ്പ് അടിസ്ഥാനത്തിലാകുന്ന ജില്ലയിലെ ആദ്യ പഞ്ചായത്തായി ഇതോടെ ബേഡഡുക്ക.

ആഗസ്ത് 13ന് സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ ആണ് ബേഡഡുക്കയില്‍ ക്യു ആര്‍ കോഡ് പതിപ്പിക്കലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. പഞ്ചായത്തിലെ 8215 വീടുകളിലും സ്ഥാപനങ്ങളിലും ക്യൂആര്‍ കോഡ് പതിപ്പിച്ചുള്ള എന്റോള്‍മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കായി 40ഹരിത കര്‍മസേനാംഗങ്ങളാണ് രംഗത്തുണ്ടായത്. ഇവര്‍ക്ക് സഹായവുമായി കാസര്‍കോട് ഗവ.കോളേജിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരും എത്തിയിരുന്നു.

ആദ്യ ഘട്ടത്തില്‍ ജില്ലയില്‍ 12 ഗ്രാമ പഞ്ചായത്തുകളിലും 2 നഗരസഭകളിലുമാണ് ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. വളരെ വേഗത്തില്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ബേഡഡുക്ക പഞ്ചായത്തിന് സാധിച്ചു. ബേഡഡുക്കയിലെ ഹരിതമിത്രം സ്മാര്‍ട് ഗാര്‍ബേജ് ആപ്പ് വഴിയുള്ള മാലിന്യ ശേഖരണത്തിന്റെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 11ന് പഞ്ചായത്ത് ഓഫീസിലെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എ.ലക്ഷ്മി നിര്‍വഹിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ അധ്യക്ഷത വഹിക്കും.


മാലിന്യ നീക്ക പരിശോധന സുഗമമാകും

ഓരോ വീട്ടില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന ഖരമാലിന്യത്തിന്റെ മൊത്തം അളവ്, തരംതിരിച്ചുള്ള കണക്ക് തുടങ്ങിയ വിവരങ്ങള്‍ തത്സമയം ക്യൂആര്‍ കോഡ് വഴി രേഖപ്പെടുത്തും. വാര്‍ഡ് പ്രതിനിധി മുതല്‍ മുഖ്യമന്ത്രി വരെയുള്ളവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇതു പരിശോധിക്കാം. മാലിന്യ സംസ്‌ക്കരണ നടപടികള്‍ ഡിജിറ്റല്‍ ആക്കാന്‍ ശുചിത്വ മിഷന്റെയും നവകേരള കര്‍മ്മ പദ്ധതിയുടെയും സഹായത്തോടെ തീവ്ര യജ്ഞത്തിലേക്ക് കടക്കുകയാണ്.

ഇതിലൂടെ സംസ്‌ക്കരണ സംവിധാനങ്ങള്‍ ആസൂത്രണം ചെയ്യാനും പോരായ്മ പരിഹരിക്കാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയും. മാലിന്യം സംബന്ധിച്ച വിവരങ്ങള്‍ ഹരിതകര്‍മ്മസേനകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍, റിപ്പോര്‍ട്ടുകള്‍, പരാതികള്‍ അറിയിക്കാന്‍ തുടങ്ങിയവയ്ക്ക് ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് ആപ്പ് മുഖാന്തിരം സാധിക്കും.