'ഒരുമയോടെ ഒരുമനസ്സായി' സ്കൂൾ ഉച്ചഭക്ഷണ ക്യാമ്പയിൻ തുടങ്ങുന്നു

post

ഇടുക്കി ജില്ലയിലെ സ്കൂളുകളിൽ നടത്തിവരുന്ന ഉച്ചഭക്ഷണ പദ്ധതി കൂടുതൽ ജനകീയമാക്കുന്നതിന് 2022 നവംബർ ഒന്നു മുതൽ 'ഒരുമയോടെ ഒരുമനസ്സായി' എന്ന ക്യാമ്പയിന് തുടക്കം കുറിക്കുന്നു. ഇതിന് മുന്നോടിയായി പി.ടി.എ. പ്രസിഡന്റ്, ജനപ്രതിനിധികൾ, പ്രഥമാധ്യാപകർ, പാചകത്തൊഴിലാളികൾ എന്നിവരുടെ സബ്ജില്ലാതലത്തിൽ വിളിച്ചു ചേർത്ത യോ​ഗത്തിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം കൂടുതൽ സമൃദ്ധമായി നൽകാൻ തീരുമാനിച്ചു.

രക്ഷിതാക്കൾ, കുട്ടികൾ, അധ്യാപകർ, അനധ്യാപകർ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, പൂർവ്വവിദ്യാർത്ഥികൾ, ഇതര സുമനസ്സുകൾ എന്നിവരുടെ ജന്മദിനം പോലുള്ള അവസരങ്ങളിലെ സന്തോഷം സ്കൂളിലെ കുട്ടികളുമായി പങ്കുവെക്കുവാനും അതുവഴി കുട്ടായ്മയും ഐക്യവും വർദ്ധിപ്പിക്കുവാനുള്ള സന്ദർഭം കൂടി ഒരുക്കുന്നതാണ് ക്യാമ്പയിൻ. ഇത്തരം സന്തോഷകരമായ സാഹചര്യങ്ങളിൽ ഉച്ചഭക്ഷണ പദ്ധതിയിലേയ്ക്ക് സാധ്യമാകുന്നവിധം വിഭവങ്ങൾ നൽകി പദ്ധതിയുടെ ജനകീയത വർദ്ധിപ്പിക്കുവാനും ആലോചനയുണ്ട്. കൂടാതെ തദ്ദേശസ്വയഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പ്രഭാതഭക്ഷണം കൂടി അർഹരായ കുട്ടികൾക്ക് നൽകുവാനുള്ള പരിശ്രമങ്ങളും നടക്കുന്നുണ്ട്.

ഇടുക്കി ജില്ലയിൽ 462 വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കിവരുന്നത്.