മോഡല്‍ ക്ലീന്‍ സിറ്റിയായി കുമളി

post

ഇടുക്കി: സമഗ്ര മാലിന്യ സംസ്‌കരണം സാധ്യമാക്കി മാതൃകയായ കുമളി ഗ്രാമപഞ്ചായത്തിന് അഭിമാനമായി മോഡല്‍ ക്ലീന്‍ സിറ്റിയായി കുമളി ഇനി അറിയപ്പെടും. കുമളി ഗ്രാമപഞ്ചായത്ത് പൊതുവേദിയില്‍ നടന്ന യോഗത്തില്‍ വച്ച് ജില്ലാ കലക്ടര്‍ എച്ച്.ദിനേശന്‍ കുമളിയെ മോഡല്‍ സിറ്റിയായി പ്രഖ്യാപിച്ചതോടൊപ്പം  മുഖ്യമന്ത്രിയുടെ പ്രഥമ ഹരിത അവാര്‍ഡ് നാടിന് സമര്‍പ്പിക്കുകയും ചെയ്തു. ഹരിത അവാര്‍ഡ് ലഭിച്ചതിലൂടെ കുമളി ജില്ലയ്ക്ക് തന്നെ മാതൃകയും അഭിമാനവുമായി മാറിയിരിക്കുകയാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. കൂട്ടായ പരിശ്രമത്തിന്റെ ഫലമായിട്ടാണ് കുമളിക്ക് അവാര്‍ഡ് നേടാനായത്. ജില്ലയിലെ എല്ലാ അംഗന്‍വാടികള്‍ക്കും സ്വന്തമായി സ്ഥലവും കെട്ടിടവും വൈദ്യുതി കണക്ഷനും ഉണ്ടാകുകയെന്നത് പ്രധാന ലക്ഷ്യമാണ്. ഈ ലക്ഷ്യം നടപ്പാക്കുന്നതിലും കുമളി  മുന്‍പന്തിയില്‍ എത്തണമെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ മികച്ച ജൈവകര്‍ഷക ബിന്‍സി ജെയിംസിനെയും പുഷ്പകൃഷി ജില്ലാ ജേതാവ് സജി പറമ്പകത്തിനെയും മാലിന്യ സംസ്‌കരണരംഗത്ത് സ്തുത്യര്‍ഹ സേവനം കാഴ്ചവച്ച ജീവനക്കാരെയും   ഹരിത പ്രോട്ടോക്കോള്‍ പാലിച്ച് പൊതു പരിപാടികള്‍ നടത്തി മാതൃക കാണിച്ച കുമളി ലൂര്‍ദ് പള്ളി ഭാരവാഹികളെയും ജില്ലാ കലക്ടര്‍ ആദരിച്ചു.

 'എന്റെ മാലിന്യം, എന്റെ ഉത്തരവാദിത്വം' എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന കുമളി ഗ്രാമപഞ്ചായത്തിന് മാലിന്യ സംസ്‌കരണം, ജലസ്രോതസ്സുകള്‍ വീണ്ടെടുക്കല്‍, ജൈവ കൃഷി പ്രോത്സാഹിപ്പിക്കല്‍ എന്നിവയിലുള്ള മികവ് മുന്‍ നിര്‍ത്തിയാണ്   മികച്ച പഞ്ചായത്തിനുള്ള മുഖ്യമന്ത്രിയുടെ പ്രഥമ ഹരിത അവാര്‍ഡ് ലഭിച്ചത്.