ചിറ്റാരിപ്പറമ്പിലും ഒരുങ്ങി, വഴിയോര വിശ്രമ കേന്ദ്രം

post

വഴിയാത്രക്കാര്‍ക്ക് വിശ്രമിക്കാനും പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാനും ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തില്‍ ആരംഭിക്കുന്ന ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. ചിറ്റാരിപ്പറമ്പ് പൂവത്തില്‍കീഴില്‍ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള അഞ്ച് സെന്റ് സ്ഥലത്താണ് വിശ്രമ കേന്ദ്രം ഒരുക്കിയത്. 

പഞ്ചായത്തിന്റെ 2021-2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര ധനകാര്യ കമ്മീഷന്‍ ഫണ്ടായ 20 ലക്ഷം രൂപ വിനിയോഗിച്ചാണ് കേന്ദ്രം നിര്‍മ്മിച്ചത്. റവന്യു വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരമാണ് പഞ്ചായത്തിന് വിട്ടുനല്‍കിയത്.

സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും രണ്ട് വീതം ടോയ്‌ലറ്റുകള്‍, പുരുഷന്മാര്‍ക്ക് അഞ്ച് യൂറിനല്‍, റിഫ്രഷിങ് ഏരിയ, ഫീഡിങ് റൂം എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. റിഫ്രഷിങ് ഏരിയയില്‍ കഫ്‌റ്റേരിയയും ആരംഭിക്കും. ഭിന്നശേഷിക്കാരുടെ സൗകര്യത്തിനായി റാമ്പും നിര്‍മ്മിച്ചിട്ടുണ്ട്. അവസാന ഘട്ട പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് കെട്ടിടം ഉടന്‍ നാടിന് തുറന്ന് നല്‍കും.