പുനലൂര്‍ ആയുര്‍വേദ ആശുപത്രിക്ക് പുതിയ കെട്ടിടമൊരുങ്ങുന്നു
സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പുനലൂര്‍ നഗരസഭാ പരിധിയിലുള്ള കലയനാടില്‍ ആയുര്‍വേദ ആശുപത്രിക്ക് പുതിയ കെട്ടിടമൊരുങ്ങുന്നു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള 30 സെന്റ് വസ്തുവില്‍ ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് കെട്ടിട നിര്‍മാണം. നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിമ്മി എബ്രഹാമിന്റെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി. മണ്ണിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള നടപടികളും പൂര്‍ത്തിയായി. നിലവില്‍ ടി. ബി ജംഗ്ഷനിലെ വാടക കെട്ടിടത്തിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ശിലാസ്ഥാപനം ഉടനെ നടത്തി കെട്ടിട നിര്‍മാണം ആരംഭിക്കും. പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കാനാകുമെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.










