വായനയുടെ ഉത്സവവുമായി ലൈബ്രറി കൗണ്‍സില്‍

post

ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വായനാ മത്സരങ്ങള്‍ നടത്തുന്നു. അഞ്ച് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. ഒക്ടോബര്‍ 27 ന് വായനാ മത്സരത്തിന് തുടക്കമാകും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പദ്ധതിയുടെ ഭാഗമായി യു പി വിഭാഗത്തിനും വനിതാ വിഭാഗത്തിനും സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പദ്ധതിയുടെ ഭാഗമായി ഹൈസ്‌കൂള്‍ വിഭാഗത്തിനും മുതിര്‍ന്നവരുടെ രണ്ട് വിഭാഗത്തിനുമായാണ് മത്സരങ്ങള്‍ നടക്കുന്നത്.

മുതിര്‍ന്നവരുടെ ഒന്നാം വിഭാഗത്തില്‍ 16 മുതല്‍ 25 വയസ്സുവരെയും മുതിര്‍ന്നവരുടെ രണ്ടാം വിഭാഗത്തില്‍ 25 വയസ്സിനു മുകളിലുള്ളവര്‍ക്കും പങ്കെടുക്കാം. യു പി വിഭാഗത്തില്‍ 5, വനിതാ വിഭാഗത്തില്‍ 7, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 8, മുതിര്‍ന്നവരുടെ ഒന്നാം വിഭാഗത്തിലും രണ്ടാം വിഭാഗത്തിലും 10 വീതവും നിശ്ചയിക്കപ്പെട്ട പുസ്തകങ്ങളെ ആസ്പദമാക്കിയായിരിക്കും മത്സരങ്ങള്‍.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക നിര്‍ദേശാനുസരണം ഒക്ടോബര്‍ 27ന് ഹൈസ്‌കൂള്‍ വിഭാഗം വായനാ മത്സരങ്ങളോടെ വായനോത്സവത്തിന് തുടക്കമാകും. ഇതിന് മുന്നോടിയായി ഹൈസ്‌കൂളുകളില്‍ പ്രത്യേകം സംഘാടക സമിതി രൂപീകരിച്ച് പുസ്തക പ്രദര്‍ശനം, പുസ്തക റാലി എന്നിവ സംഘടിപ്പിക്കും. ഒക്ടോബര്‍ 30ന് യുപി, വനിത, മുതിര്‍ന്നവര്‍ വിഭാഗങ്ങളുടെ മത്സരങ്ങള്‍ ഗ്രന്ഥശാലാ തലത്തില്‍ ഉത്സവാന്തരീക്ഷത്തോടെ നടത്തും. നവംബര്‍ 20ന് താലൂക്ക്, ജനുവരി ഒന്നിന് ജില്ലാതല വായനാ മത്സരങ്ങളുമുണ്ടാകും.

മത്സരത്തിനായി നിര്‍ദേശിക്കപ്പെട്ട പുസ്തകങ്ങളെ നവമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയും വായനോത്സവത്തിന് മിഴിവേകും. വായനാ മത്സരവും അനുബന്ധ പരിപാടികളും വിജയിപ്പിക്കണമെന്ന് ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.വി.കുഞ്ഞിരാമന്‍, സെക്രട്ടറി ഡോ.പി.പ്രഭാകരന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.