ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതി, കാഞ്ഞങ്ങാട് ആരംഭിച്ചത് 501 യൂണിറ്റുകള്‍

post

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയിലൂടെ കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ തുടങ്ങിയത് 501 യൂണിറ്റുകള്‍. 63 നിര്‍മാണ സംരംഭങ്ങളും 153 സേവന സംരംഭങ്ങളും 285 കച്ചവട സംരംഭങ്ങളുമാണിവ. പ്രഖ്യാപിത ലക്ഷ്യത്തിന്റെ 37.03 ശതമാനമാണിത്. ഇതിലൂടെ 28.11കോടി രൂപയുടെ നിക്ഷേപവും 923 പേര്‍ക്ക് പുതിയ തൊഴിലും ലഭ്യമായി.

പദ്ധതിയിലൂടെ കാഞ്ഞങ്ങാട് നഗരസഭയിലാണ് ഏറ്റവുമധികം സംരംഭങ്ങള്‍ തുടങ്ങാന്‍ ലക്ഷ്യമിടുന്നത്. നഗരസഭയില്‍ മാത്രം 141 സംരംഭങ്ങള്‍ ആരംഭിക്കും. ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ കാഞ്ഞങ്ങാട് നിയോജക മണ്ഡലം അവലോകനയോഗവും നിക്ഷേപക സംഗമവും ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മടിക്കൈ വ്യവസായ പാര്‍ക്കിന്റെ സാധ്യതകളും നിലവിലെ സ്ഥിതിയും നിക്ഷേപകരുമായി ചര്‍ച്ച ചെയ്തു. വ്യവസായ പാര്‍ക്ക് ആരംഭിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ഇ ചന്ദ്രശേഖരന്‍ എംഎല്‍എ യോഗത്തില്‍ ആവശ്യപ്പെട്ടു. പുതു സംരംഭകരുടെ ഉത്പന്നങ്ങളും യോഗത്തില്‍ അവതരിപ്പിച്ചു.


പഞ്ചായത്തുകളില്‍ കിനാനൂര്‍ കരിന്തളം മുന്നില്‍

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയില്‍ കാഞ്ഞങ്ങാട് മണ്ഡലത്തില്‍ കൂടുതല്‍ സംരംഭങ്ങള്‍ എന്ന നേട്ടവുമായി കിനാനൂര്‍ കരിന്തളം പഞ്ചായത്ത്. പഞ്ചായത്തില്‍ 124 സംരംഭങ്ങള്‍ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. ഇതില്‍ 75 സംരംഭങ്ങള്‍ ഇതുവരെ തുടങ്ങിക്കഴിഞ്ഞു. ആകെ സംരംഭങ്ങളുടെ 75 ശതമാനം ആരംഭിക്കാനായി എന്ന നേട്ടം ജില്ലയില്‍ കിനാനൂര്‍ കരിന്തളം പഞ്ചായത്തിന് മാത്രം സ്വന്തം.