അടുക്കളമുറ്റത്തെ കോഴി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി

post

വീട്ടമ്മമാര്‍ക്ക്‌ വ്യാവസായികമായി മുട്ടക്കോഴി വളര്‍ത്തുന്നതിന് പരിമിതികളുള്ളതിനാല്‍ അടുക്കളമുറ്റത്തെ കോഴി വളര്‍ത്തല്‍ പോത്സാഹിപ്പിക്കാന്‍ പദ്ധതികളുമായി മൃഗസംരക്ഷണ വകുപ്പ്. വെറ്ററിനറി സര്‍വകലാശാല വികസിപ്പിച്ച ഗ്രാമലക്ഷ്മി, ഗ്രാമ ശ്രീ കോഴികള്‍ക്ക് പുറമേ വര്‍ഷത്തില്‍ 300 മുട്ടകളിടുന്ന ബി.വി 380 കോഴികള്‍ എന്നിവ വീട്ടമ്മമാര്‍ക്ക് നല്‍കും. കുടുംബശ്രീ യൂണിറ്റുകള്‍ക്ക് മുട്ടക്കോഴിക്കുഞ്ഞുങ്ങളെ ഒന്നര മാസം വരെ വളര്‍ത്തി സര്‍ക്കാരിന് നല്‍കുന്ന എഗര്‍ നഴ്സറികള്‍ ആരംഭിക്കാന്‍ സഹായവും നല്‍കും. ഗ്രാമ പഞ്ചായത്ത് പദ്ധതികളും സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ പദ്ധതികളും ഇതിനായി ഏകോപിപ്പിക്കും.

മുട്ടക്കോഴികളുടെ ഫാമിംഗ്, പരിപാലനം, കൂട് നിര്‍മ്മാണം, മുട്ട വിപണനം, കുഞ്ഞുങ്ങളെ വിരിയിക്കുന്ന ഹാച്ചറികള്‍, വളര്‍ത്തി തിരിച്ചെടുക്കുന്ന ഇന്റഗ്രേഷന്‍ സമ്പ്രദായം, പ്രോജക്ടുകള്‍, സര്‍ക്കാര്‍ സബ്സിഡികള്‍, സഹായങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി കൊട്ടിയം മൃഗസംരക്ഷണ കേന്ദ്രത്തില്‍ നടത്തിയ പരിശീലനം സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം അഡ്വ. സബിതാ ബീഗം ഉദ്ഘാടനം ചെയ്തു